

തമിഴ് സൂപ്പർതാരം സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രമായ 'സീൻ' നവംബർ ആറിന് റിലീസിനൊരുങ്ങുകയാണ്. ചിത്രം തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൂര്യയുടെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ പ്രമേയത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണു നടക്കുന്നത്.
ചിത്രത്തിൽ സൂര്യ കാഴ്ചയില്ലാത്ത പോലീസ് ഉദ്യോഗസ്ഥനായാണ് വേഷമിടുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സിനിമയുടെ രചയിതാവ് ദ്രാവിഡ സെൽവം സൂര്യ ചിത്രത്തിൽ അന്ധനല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ സൂര്യയ്ക്ക് പരിചിതമുഖങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത 'പ്രോസോപാഗ്നോസിയ' എന്ന അവസ്ഥയാണെന്ന തരത്തിലും ആരാധകർ ചർച്ചകൾ നടത്തിയിരുന്നു.
ഇതിനിടയിലാണ് സിനിമയുടെ കഥയെക്കുറിച്ച് ഒരു അഭിമുഖത്തിൽ ജിത്തു മാധവൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. 'സർവീസിൽനിന്നു പിരിച്ചുവിടപ്പെട്ട ഒരാൾക്കെതിരെ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്ന മുൻ സീനിയർ പോലീസ് ഉദ്യോഗസ്ഥന് യാതൊരുവിധ പിന്തുണയും ലഭിക്കുന്നില്ല. തുടർന്ന് അദ്ദേഹം കുറച്ചുപേരെ ഉൾപ്പെടുത്തി സ്വന്തമായി ഒരു ടീം ഉണ്ടാക്കുന്നു. അവരെല്ലാം വ്യത്യസ്ത സ്വഭാവക്കാരാണ്, ഒന്നിച്ച് ജീവിക്കുക എന്നത് പോലും അവർക്ക് വലിയ വെല്ലുവിളിയാണ്. അവരെ ഒന്നിപ്പിച്ച് ഒരു കേസ് അന്വേഷിപ്പിക്കുക എന്നത് അതിലും വലിയ പ്രയാസമാണ്. ഈ അന്വേഷണവും അതുണ്ടാക്കുന്ന രസകരമായ സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബത്തിനൊപ്പം തിയേറ്ററിലെത്തി ആസ്വദിക്കാവുന്ന ഒരു ഫാമിലി എന്റർടെയ്നറാണ് ചിത്രം'-ജിത്തു മാധവൻ പറഞ്ഞു.
മലയാളത്തിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'സീൻ'. നസ്‌ലെൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്രിയ നസീം, ആനന്ദരാജ്, ലാൽ തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.