

ദുബായിയിൽ നടന്ന സീൻ പ്രൊമോഷൻ ചടങ്ങിൽ ധരിച്ച വസ്ത്രത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് നിശബ്ദ മറുപടിയുമായി നസ്രിയ നസീം രംഗത്ത്. ചടങ്ങിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണു താരം പ്രതികരിച്ചത്. ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന 'സീൻ' എന്ന സിനിമയുടെ ദുബായ് പ്രൊമോഷന്റെ ഭാഗമായി പച്ച നിറത്തിലുള്ള ഓഫ്-ഷോൾഡർ വസ്ത്രം ധരിച്ചെത്തിയ നസ്രിയയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ചില മോശം പരാമർശങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ഈ വിമർശനങ്ങൾക്കും ബോഡി ഷെയ്മിങ്ങിനുമെതിരെ വലിയൊരു വിഭാഗം ആരാധകരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അതേ വേഷത്തിലുള്ള ചിത്രങ്ങൾ നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. താരത്തിന്റെ പോസ്റ്റിന് പിന്തുണയുമായി ചിത്രത്തിലെ സഹതാരം നസ്ലിനും സംവിധായകൻ ജിത്തു മാധവനും കമന്റുകളുമായി എത്തിയിട്ടുണ്ട്.
അടുത്തിടെയായി നസ്രിയയുടെ വസ്ത്രധാരണത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ഓൺലൈനിൽ നടക്കുന്ന ചർച്ചകൾക്കിടയിലാണ് താരത്തിന്റെ ഈ മറുപടി പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന 'സീൻ' നവംബർ ആറിനു തിയേറ്ററുകളിൽ എത്തും.