

വേഷപ്പകര്‍ച്ചകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രന്‍സിനെ പ്രശംസ കൊണ്ടുമൂടി തമിഴ് സൂപ്പര്‍ താരം സൂര്യ. പുതിയ ചിത്രമായ 'കറുപ്പി'ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സഹപ്രവര്‍ത്തകന്റെ കഠിനാധ്വാനത്തെയും വിനയത്തെയും കുറിച്ച് സൂര്യ വാചാലനായത്. ഒരിക്കല്‍ ബോഡി ഷെയ്മിങ്ങിന് ഇരയായ വ്യക്തിയായിരുന്നു ഇന്ദ്രന്‍സെന്നും എന്നാല്‍ ഇന്ന് അദ്ദേഹം ഹീറോയായി വളര്‍ന്നുവെന്നും സൂര്യ പറഞ്ഞു.
സിനിമയിലെ ഇന്ദ്രന്‍സിന്റെ തുടക്കകാലത്തെയും അദ്ദേഹം നേരിട്ട വെല്ലുവിളികളെയും സൂര്യ വേദിയില്‍ സ്മരിച്ചു. ഒരു വസ്ത്രാലങ്കാരകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളിലൂടെ തന്റേതായ മുദ്ര പതിപ്പിച്ചാണ് അദ്ദേഹം ഇന്നത്തെ നിലയിലെത്തിയത്. 'സ്വപ്നങ്ങള്‍ക്ക് കാലാവധിയില്ല എന്നതിനു തെളിവാണ് ഇന്ദ്രന്‍സ് സാറിന്റെ ജീവിതം. ഏഴാം ക്ലാസ് പരീക്ഷ എഴുതാന്‍ അദ്ദേഹം കാണിച്ച ആര്‍ജവം എന്നെ അത്ഭുതപ്പെടുത്തി.' സൂര്യ പറഞ്ഞു.
68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ സൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍, 'ഹോം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ഹോം ഇന്ദ്രന്‍സിന് ദേശീയതലത്തില്‍ തന്നെ വലിയ അംഗീകാരം നേടിക്കൊടുത്തിരുന്നു. ഇത്രയേറെ പ്രശസ്തി ലഭിച്ചിട്ടും കഴിഞ്ഞതൊന്നും മറക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമായ 'പേട്രിയറ്റി'ലും ഇന്ദ്രന്‍സ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തമിഴകത്തെ വലിയൊരു വേദിയില്‍ സൂര്യ നടത്തിയ പ്രശംസ ഇന്ദ്രന്‍സ് എന്ന നടന്റെ വളര്‍ച്ചയ്ക്കുള്ള അംഗീകാരമായാണ് സിനിമാലോകം കാണുന്നത്.