

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ സൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സീൻ'- എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റ് ദുബായിയിൽ നടക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം ദീപാവലി റിലീസായി നവംബർ ആറിനു തിയേറ്ററുകളിൽ എത്താനിരിക്കെയാണ് വിദേശത്ത് വമ്പൻ ചടങ്ങു സംഘടിപ്പിക്കുന്നത്.
ദുബായ് സിലിക്കൺ സെൻട്രൽ മാളിൽ ഒക്ടോബർ 25-ന് വൈകിട്ട് ആറിന് പരിപാടി ആരംഭിക്കും. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 'ആവേശം' 'രോമാഞ്ചം' എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സീനി'ൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. നസ്രിയ നസീം, നസ്ലിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
സൂര്യയും ജ്യോതികയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2', രൺബീർ കപുറിന്റെ 'രാമായണം: പാർട്ട് 1' എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ദീപാവലി റിലീസായി 'സീൻ' തിയേറ്ററുകളിൽ എത്തുന്നത്.