

തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ നായകനാകുന്ന 'സീന്‍' എന്ന സിനിമയുടെ ട്രെയിലര്‍ ആഘോഷിച്ച് ആരാധകര്‍. മോളിവുഡ് ഹിറ്റ് 'ആവേശ'ത്തിനുശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന തമിഴ്ചിത്രം ക്രൈം കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന
കരിയറിലെ വ്യത്യസ്തമായ വേഷത്തിലാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. ഡിഎസ്പി ഇന്‍ബരാജ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് താരം വേഷമിടുന്നത്. സ്വന്തം ജോലിയില്‍ ഒട്ടും താല്‍പര്യമില്ലാത്ത, വിരസത അനുഭവിക്കുന്ന കഥാപാത്രം. ജോലിയില്‍ നിന്ന് രാജിവെച്ച് വീട്ടിലിരുന്ന് പാട്ടു കേള്‍ക്കുന്നതും പാചകം ചെയ്യുന്നതുമൊക്കെയായ ഇന്‍ബരാജിന്റെ രസകരമായ ദൃശ്യങ്ങളാണ് ട്രെയിലറിന്റെ തുടക്കത്തിലുള്ളത്.
ഉന്നതിയില്‍ നില്‍ക്കുന്ന കരിയര്‍ ഉപേക്ഷിച്ച് തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാണ് ആഗ്രഹമെന്ന് കഥാപാത്രം വ്യക്തമാക്കുമ്പോള്‍, യഥാര്‍ഥ ജീവിതത്തിലെ രാഷ്ട്രീയ പ്രവേശനങ്ങളെ ഓര്‍മിപ്പിക്കുന്ന ചില കൗതുകങ്ങളും ചിത്രത്തിലുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നസ്‌ലിൻ കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. നഗരത്തില്‍ പലവിധ പ്രശ്‌നങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുന്ന രീതിയിലാണ് നസ്‌ലിന്റെ ഈശ്വരൻ എന്ന കഥാപാത്രത്തെ ട്രെയിലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'സീനി'ലെ മായ എന്ന വ്യത്യസ്തമായ കഥാപാത്രത്തിലൂടെ നസ്രിയ നസീം ഒരു വ്യാഴവട്ടക്കാലത്തിനുശേഷം തമിഴകത്തേക്കു ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്.
സൂര്യയുടെ മാസ് പ്രകടനത്തിനൊപ്പം ജിത്തു മാധവന്റെ സിഗ്‌നേച്ചര്‍ ഹ്യൂമറും ക്രൈം പശ്ചാത്തലവും ഒരേപോലെ ഒത്തിണങ്ങിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.