

തന്റെ മുഖം മോർഫ് ചെയ്തു നിർമിച്ച അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു തെന്നിന്ത്യൻ നടി സുനൈന. ഇൻസ്റ്റഗ്രാമിലാണു താരം ഇക്കാര്യം വ്യക്തമാക്കിയത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള അപകീർത്തികരമായ ദൃശ്യങ്ങൾ നിർമിക്കുന്നത്. ഇത്തരം ഹീനമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായും തനിക്ക് ഈ വീഡിയോയുമായി യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി
വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും മേലുള്ള കടന്നുകയറ്റമാണിതെന്നും, ഇത് ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലുമായി കണക്കാക്കി കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും, വ്യാജ വീഡിയോ നിർമിക്കുകയും ഫോർവേഡ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്കെതിരെയും നിയമനടപടി ഉണ്ടാകുമെന്ന് സുനൈന വ്യക്തമാക്കി.
സമീപകാലത്തായി സിനിമാ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്നത് വലിയ ചർച്ചയായിട്ടുണ്ട്.