

'എഐ റാക്കറ്റി'നെതിരേ കീർത്തിആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) ഉപയോഗിച്ച് നടീനടന്മാരുടെയും പ്രമുഖരുടെയും ചിത്രങ്ങൾ വ്യാജമായി നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ രൂക്ഷവിമർശനവുമായി നടി ശ്രിയ ശരൺ. വ്യക്തികളുടെ അനുവാദമില്ലാതെ എഐ ഉപയോഗിച്ച് ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് തെറ്റായ പ്രവണതയാണെന്നും അത് അങ്ങേയറ്റം അലോസരപ്പെടുത്തുന്ന ഒന്നാണെന്നും താരം വ്യക്തമാക്കി.
നടി ജാൻവി കപുറിന്റെ 'ദേവര' എന്ന ചിത്രത്തിലെ രംഗങ്ങൾ ഡിജിറ്റലായി മാറ്റംവരുത്തി പ്രചരിപ്പിച്ച സംഭവം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താനും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ശ്രിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
'ചില സമയങ്ങളിൽ കാണുന്ന ചിത്രം എന്റേതാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. ശരീരഭാഗങ്ങളുടെ അളവുകൾ മാറ്റിയും, ധരിച്ചിരുന്ന വസ്ത്രങ്ങളിൽ മാറ്റം വരുത്തിയുമൊക്കെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ചിലർക്കിത് തമാശയായി തോന്നാമെങ്കിലും ഇത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നതും കുറ്റകരവുമാണ്'- ശ്രിയ പറഞ്ഞു. സാങ്കേതികവിദ്യയുടെ വളർച്ച പ്രയോജനകരമാണെങ്കിലും അതിനെ അതിരുവിട്ട് ആശ്രയിക്കുന്നതിലും ദുരുപയോഗം ചെയ്യുന്നതിലും വലിയ അപകടങ്ങളുണ്ടെന്നും താരം കൂട്ടിച്ചേർത്തു
ചലച്ചിത്രരംഗത്ത് 25 വർഷം പൂർത്തിയാക്കിയ ശ്രിയ ശരൺ, അജയ് ദേവ്ഗൺ നായകനായ 'ദൃശ്യം 3' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന്റെ സന്തോഷത്തിലാണ്. ആഗോളതലത്തിൽ ചിത്രം 500 കോടിയോളം രൂപയുടെ കളക്ഷൻ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്.