

ധനുഷും മമ്മൂട്ടിയും മുഖ്യ വേഷങ്ങളിലെത്തുന്ന 'ഓം' എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ഫസ്റ്റ് ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. എഎസ്പി നിത്യ റെഡ്ഡി എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. 'അമരൻ' എന്ന ചിത്രത്തിനുശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ധനുഷും മമ്മൂട്ടിയുമൊടൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സത്യസന്ധതയും അനുഭവസമ്പത്തുമുള്ള ചെറുപ്പക്കാരിയായ പോലീസ് ഉദ്യോഗസ്ഥയായാണ് സായ് പല്ലവി വേഷമിടുന്നത്. ആന്ധ്രാപ്രദേശ് പോലീസ് സേനയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയിരുന്നു നിത്യ റെഡ്ഡി.
പിന്നീട് സിബിഐയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആയി ഉയർത്തപ്പെടുകയും ഇന്റർപോളുമായി ചേർന്ന് പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ചന്ദനക്കടത്തും അതേക്കുറിച്ചുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചന്ദനക്കള്ളക്കടത്ത് തടയാൻ നിത്യ റെഡ്ഡി നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് 'ഓം'.
നവംബർ 20-ന് ചിത്രം തിയറ്ററുകളിലെത്തും. ശ്രീലീല, സഞ്ജയ് സ്വരൂപ് എന്നിവർക്കൊപ്പം പ്രമുഖ ഹിന്ദി നടൻ നസറുദിൻ ഷാ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സായ് അഭ്യങ്കർ സംഗീതം നിർവഹിക്കുന്നു. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷും ശ്രദ്ധ അഗർവാളും അസ്മത് ജഗ്മാഗും ചേർന്നാണു നിർമാണം.