

ധനുഷും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ഓം' നവംബര്‍ 20-ന് ആഗോള റിലീസ് ആയി തിയേറ്ററുകളില്‍ എത്തും. തലൈവര്‍ രജനികാന്തിന്റെ 'ജയിലര്‍ 2',സൂര്യയുടെ ജിത്തുമാധവൻ ചിത്രം സീൻ എന്നിവ റിലീസ് ചെയ്യുന്നതിനാൽ അവരോടുള്ള ആദരംകൊണ്ട് ഓം റിലീസ് മാറ്റിവയ്ക്കുന്നതായി ചിത്രത്തിന്റെ നിർമാതാവു കൂടിയായ ധനുഷ് അറിയിച്ചിരുന്നു. ഒക്ടോബര്‍ 16-ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
ധനുഷും മമ്മൂട്ടിയും തോക്കുകള്‍ ഏന്തി രക്തരൂക്ഷിതമായ ലുക്കിലുള്ള പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയതി പ്രഖ്യാപിച്ചത്.
തമിഴ്, മലയാളം സിനിമകളിലെ രണ്ട് പ്രമുഖ താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ച കമ്മത്ത് ആന്റ് കമ്മത്തിൽ ധനുഷ് അഭിനയിച്ചിട്ടുണ്ടെങ്കിലും അത് അതിഥിവേഷത്തിലായിരുന്നു. 'അമരന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ഡ്രാമയില്‍ ബര്‍മ കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സായ് പല്ലവി, ശ്രീലീല, നസീറുദിന്‍ ഷാ, ഇന്ദ്രന്‍സ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.
ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ടെക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സായ് അഭ്യങ്കര്‍ ആണ് സംഗീത സംവിധായകന്‍.