

മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന 'ഓം'ചാപ്റ്റര്‍ 1 - ഉധിരം : ദി ബ്ലഡ് വുഡ് റിലീസ് മാറ്റി. ഒക്ടോബർ 16ന് ആണ് ചിത്രം തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. ഒക്ടോബർ15ന് രജനികാന്തിന്റെ 'ജയിലർ 2' റിലീസ് ആകുന്ന സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട് 'ഓം' റിലീസ് മാറ്റുകയാണെന്ന് ചിത്രത്തിന്റെ നിർമാതാവുകൂടിയായ ധനുഷ് പ്രസ്താവനയിൽ അറിയിച്ചു.
സൂര്യയുടെ ചിത്രം 'സീൻ' നേരത്തെ തന്നെ റിലീസ് പ്രഖ്യാപിച്ചതിനാൽ 'ഓം' ദീപാവലിക്ക് റിലീസ് ചെയ്യുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി. നവംബർ ആറിനാണ് 'സീൻ' റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമാമേഖലയ്ക്ക് മുഴുവൻ മാതൃകയാകുന്ന തീരുമാനത്തിലൂടെ താരപ്പോരിനപ്പുറമുള്ള സൗഹൃദത്തെ ഉയർത്തിക്കാട്ടുകയാണ് ധനുഷ്.
'അമരന്‍' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടിക്കും ധനുഷിനും പുറമേ സായ് പല്ലവി, ശ്രീലീല എന്നിവരുമുണ്ട്. സായ് അഭ്യങ്കറാണ് സംഗീതം. ധനുഷിന്റെ കരിയറിലെ 55-ാമത്തെ ചിത്രമായ 'ഓം' അദ്ദേഹത്തിന്റെ നിർമാണക്കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്.
ധനുഷിന്റെ പ്രസ്താവനയുടെ പൂർണരൂപം
ഇത്തരം സാഹചര്യങ്ങളിൽ ഒരു സിനിമയുടെ റിലീസ് മാറ്റിവെക്കുന്നതിൽ അതിന്റേതായ ചില വെല്ലുവിളികൾ ഉണ്ടാകും.
വർഷങ്ങളായി നമ്മളെല്ലാം ഏറെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത നമ്മുടെ സൂപ്പർസ്റ്റാർ രജനികാന്ത് സാറിന്റെ ചിത്രം ഒക്ടോബർ 15നാണ് റിലീസ് ചെയ്യുന്നത്. ഞങ്ങളുടെ ചിത്രത്തിന് ഒരു ദിവസം മുമ്പ് അദ്ദേഹത്തിന്റെ സിനിമ എത്തുന്നതിനാൽ, അദ്ദേഹത്തോടുള്ള അഗാധമായ ആദരവ് കണക്കിലെടുത്ത് ഞങ്ങളുടെ ചിത്രം ‘ഓം’ന്റെ റിലീസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഈ വർഷത്തെ ദീപാവലി റിലീസായും ഞങ്ങൾ എത്തുന്നില്ല. സൂര്യ സാറിന്റെ ചിത്രം അതേ തീയതിയിൽ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതിനാലാണിത്. അവർ തന്നെയാണ് ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചത്. വലിയ സിനിമകൾ ഓരോരുത്തരുടെയും തീരുമാനങ്ങളെ പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. സിനിമയുടെയും ചലച്ചിത്ര വ്യവസായത്തിന്റെയും വിശാലമായ താൽപര്യം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത്.
ഞങ്ങളുടെ പുതിയ റിലീസ് തീയതി ഉടൻ തന്നെ പ്രഖ്യാപിക്കും.
ഓം നമശിവായ