റൂട്ട് നമ്പർ 10എയിലെ ആ പഴയ കണ്ടക്ടർ,ശമ്പളം 275 രൂപ.. ഇന്നത്തെ പേര് രജനികാന്ത്!

രജനികാന്ത് ബസ് കണ്ടക്ടറായിരുന്ന കാലത്തെ ഐഡന്റിറ്റി കാർഡ്
രജനികാന്ത് ബസ് കണ്ടക്ടറായിരുന്ന കാലത്തെ ഐഡന്റിറ്റി കാർഡ്കടപ്പാട്-ഫേസ്ബുക്ക്
Published on

ഇന്ത്യൻ സിനിമയിലെ, സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുന്നതിനു മുൻപ്, ബംഗളൂരു നഗരത്തിലെ തിരക്കേറിയ തെരുവുകളിൽ ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന ഒരു യുവാവുണ്ടായിരുന്നു; ശിവാജി റാവു ഗെയ്ക് വാദ്! ഇന്നു കോടിക്കണക്കിന് ആരാധകർ 'തലൈവർ' എന്നു വിളിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ പഴയ കാലത്തെ ഓർമിപ്പിക്കുന്ന അപൂർവരേഖയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്.

Must Read
ബസ് കണ്ടക്ടറില്‍നിന്ന് ആഗോള സൂപ്പര്‍സ്റ്റാറിലേക്ക്; ‌ 'തലൈവര്‍' ആത്മകഥ എഴുതുന്നു
രജനികാന്ത് ബസ് കണ്ടക്ടറായിരുന്ന കാലത്തെ ഐഡന്റിറ്റി കാർഡ്

1971-ലെ ബംഗളൂരു ട്രാൻസ്‌പോർട്ട് സർവീസിന്റെ (ബിടിഎസ്) ഒഫീഷ്യൽ ഐഡന്റിറ്റി കാർഡാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. രജനികാന്തിന്റെ, ശിവാജി റാവു ഗെയ്ക് വാദ് എന്ന യഥാർഥപേരും കണ്ടക്ടർ ബാഡ്ജ് നമ്പരും ഈ കാർഡിൽ വ്യക്തമായി കാണാം. അക്കാലത്ത് ബംഗളൂരു നഗരത്തിലെ 'റൂട്ട് നമ്പർ 10എ' ബസിലെ കണ്ടക്ടറായിരുന്നു അദ്ദേഹം.

രജനികാന്ത്, രജനി ബസ് കണ്ടക്ടറായിരുന്ന കാലത്തെ ഐഡന്റിറ്റി കാർഡിലെ ഫോട്ടോ
രജനികാന്ത്, രജനി ബസ് കണ്ടക്ടറായിരുന്ന കാലത്തെ ഐഡന്റിറ്റി കാർഡിലെ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

വൈറലായ ഐഡന്റിറ്റി കാർഡ് കേവലമൊരു പഴയ രേഖ മാത്രമല്ല, മറിച്ച് ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരത്തിന്റെ കഠിനാധ്വാനത്തിന്റെയും വളർച്ചയുടെയും നേർച്ചിത്രമാണ്. റിപ്പോർട്ടുകൾ പ്രകാരം 1971-ൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോൾ വെറും 275 രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം. അവിടെനിന്ന് അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറം, ഒരു സിനിമയ്ക്ക് 150 കോടി രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർസ്റ്റാറായി രജനികാന്ത് മാറി എന്നത് സിനിമാ ലോകത്തെ വിസ്മയിപ്പിക്കുന്ന യാഥാർഥ്യമാണ്.

രജനികാന്ത്
രജനികാന്ത്ഫോട്ടോ-അറേഞ്ച്ഡ്

രജനികാന്തിന്റെ പഴയകാല സുഹൃത്തുക്കളും സഹപ്രവർത്തകരും പലപ്പോഴായി പങ്കുവച്ചിട്ടുള്ള ഓർമകളും ആരാധകരെ ഹരം കൊള്ളിക്കുന്നതാണ്. അന്ന് ബസിൽ ജോലി ചെയ്യുമ്പോൾ, തന്റേതായ ശൈലികൾ കൊണ്ട് യാത്രക്കാരെ ആകർഷിച്ച വ്യക്തിയായിരുന്നു ശിവാജി റാവു. ബസിൽ വിസിൽ അടിക്കുന്നതിലും, അതിവേഗത്തിൽ പണം എണ്ണി തിട്ടപ്പെടുത്തുന്നതിലും, സ്‌റ്റൈലായി ടിക്കറ്റ് കീറി നൽകുന്നതിലുമെല്ലാം അദ്ദേഹം പുലർത്തിയ വേറിട്ട ശൈലി അക്കാലത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തെന്നിന്ത്യൻ സിനിമയെ ഇളക്കിമറിച്ച രജനീകാന്തിന്റെ സിഗ്‌നേച്ചർ സ്‌റ്റൈലുകളുടെയും മാനറിസങ്ങളുടെയും തുടക്കം ഈ ബിടിഎസ് ബസുകളിൽ നിന്നായിരുന്നു.

രജനികാന്ത്. പഴയകാലചിത്രം
രജനികാന്ത്. പഴയകാലചിത്രംഅറേഞ്ച്ഡ്

സിനിമയിൽ വലിയ ഉയരങ്ങൾ കീഴടക്കിയെങ്കിലും തന്റെ പഴയകാല ജീവിതത്തെയോ അതിന് കാരണക്കാരായവരെയോ രജനികാന്ത് ഒരിക്കലും മറന്നിട്ടില്ല. അഭിനയമോഹവുമായി നടന്ന തനിക്ക് എല്ലാവിധ പിന്തുണയും സാമ്പത്തിക സഹായവും നൽകി സിനിമയിലേക്ക് വഴിതിരിച്ചുവിട്ട ബസ് ഡ്രൈവറും തന്റെ അടുത്ത സുഹൃത്തുമായ രാജ് ബഹാദൂറിനെക്കുറിച്ച് താരം ഇപ്പോഴും എടുത്തുപറയാറുണ്ട്.

ബംഗളൂരുവിലെ ട്രാൻസ്‌പോർട്ട് ജീവനക്കാരോട് ഇന്നും വൈകാരികമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. ഏതാനും മാസം മുമ്പ് ബംഗളൂരു ജയനഗറിലെ ബിഎംടിസി ബസ് ഡിപ്പോയിൽ രജനികാന്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ഡ്രൈവർമാരോടും കണ്ടക്ടർമാരോടുമൊപ്പം സമയം ചിലവഴിക്കാനും ഫോട്ടോകൾ എടുക്കാനും അദ്ദേഹം മറന്നില്ല. കണ്ടക്ടർ ജീവിതത്തിന്റെ ഓർമകൾ പുതുക്കിയാണ് അദ്ദേഹം മടങ്ങിയത്.

രജനികാന്ത്
രജനികാന്ത്ഫോട്ടോ-അറേഞ്ച്ഡ്

സോഷ്യൽ മീഡിയയിൽ ഐഡി കാർഡ് വീണ്ടും തരംഗമാകുമ്പോൾ, ആരാധകർ ഒന്നടങ്കം പറയുന്നത് ഒന്നുമാത്രം സ്‌റ്റൈൽ കൊണ്ടും ബോക്‌സ് ഓഫീസ് റെക്കോർഡുകൾ കൊണ്ടും വിസ്മയം തീർക്കുന്ന സൂപ്പർസ്റ്റാറിന് പിന്നിൽ, റൂട്ട് നമ്പർ 10എ-യിൽനിന്നു ജീവിതം തുടങ്ങി ലോകം കീഴടക്കിയ ശിവാജി റാവു എന്നൊരു സാധാരണക്കാരന്റെ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്, അത് ഇതിഹാസമാണ്!

Pappappa
pappappa.com