ബസ് കണ്ടക്ടറില്‍നിന്ന് ആഗോള സൂപ്പര്‍സ്റ്റാറിലേക്ക്; ‌ 'തലൈവര്‍' ആത്മകഥ എഴുതുന്നു

രജനികാന്ത്
രജനികാന്ത് ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Published on

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ വിസ്മയമായ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് തന്റെ ജീവിതകഥ എഴുതുന്നു. വെള്ളിത്തിരയിലെ അമാനുഷിക പ്രകടനങ്ങള്‍ക്കപ്പുറം, തന്റെ യഥാര്‍ഥ ജീവിതത്തിലെ പോരാട്ടങ്ങളും ഉയര്‍ച്ചയും താഴ്ചയും ലോകത്തിനു മുന്നില്‍ തുറന്നിടാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. മകള്‍ സൗന്ദര്യ രജനികാന്ത് ആണ് ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന വാര്‍ത്ത പുറത്തുവിട്ടത്.

Must Read
'രജനിസാര്‍ ഒരു പാഠപുസ്തകമാണ്...'; ജയിലർ 2-ൽ വിജയ് സേതുപതിയും
രജനികാന്ത്

ബെംഗളൂരുവിലെ തെരുവുകളില്‍ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ശിവജി റാവു ഗെയ്ക് വാദ് എന്ന യുവാവ്, ദക്ഷിണേന്ത്യയുടെ 'തലൈവര്‍' ആയി മാറിയത് ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന കഥയാണ്. രജനിയുടെ കരിയറിന്റെ തുടക്കത്തിലെ കഠിനമായ പോരാട്ടങ്ങള്‍, ബസ് കണ്ടക്ടറില്‍ നിന്നു നടനിലേക്കുള്ള വേഷപ്പകര്‍ച്ച, തമിഴ് സിനിമയുടെ തലപ്പത്തേക്കുള്ള അപ്രതീക്ഷിത കുതിപ്പ് തുടങ്ങിയവയെല്ലാം പുസ്തകത്തില്‍ വിശദമായി ഉണ്ടാകുമെന്ന് സൗന്ദര്യ വ്യക്തമാക്കി.

രജനികാന്ത് 'ജയിലറി'ൽ
രജനികാന്ത് 'ജയിലറി'ൽഫോട്ടോ കടപ്പാട്-ഐഎംഡിബി

'തനിക്ക് മുന്നിലുള്ള വഴികള്‍ സ്വയം വെട്ടിത്തുറന്ന മനുഷ്യനാണ് അച്ഛന്‍. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രത്തിനു പിന്നിലെ അധ്വാനവും ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവുകളും ഈ പുസ്തകത്തില്‍ ഉണ്ടാകും. ഇതൊരു ആഗോള പ്രതിഭാസമായിരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തെയും അഭിനയലോകത്തെയും കുറിച്ച് ലോകം ഇതുവരെ അറിയാത്ത കാര്യങ്ങള്‍ ഇതിലൂടെ വെളിപ്പെടും...'- സൗന്ദര്യ പറഞ്ഞു.

ഷൂട്ടിങ് തിരക്കുകള്‍ക്കുമിടയിലും പ്രിയതാരം എഴുത്ത് തുടരുകയായിരുന്നുവെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തെ സൂചിപ്പിച്ചിരുന്നു. 'കൂലി' എന്ന സിനിമയുടെ സെറ്റില്‍ എല്ലാ ദിവസവും സൂപ്പര്‍സ്റ്റാര്‍ എഴുതാറുണ്ടായിരുന്നുവെന്ന് ലോകേഷ് വെളിപ്പെടുത്തിയത് ഈ ആത്മകഥയെക്കുറിച്ചുള്ള സൂചനയായിരുന്നു.

രജനികാന്ത് 'കാല'യിൽ
രജനികാന്ത് 'കാല'യിൽഫോട്ടോ കടപ്പാട്-ഐഎംഡിബി

ആത്മകഥയുടെ പണിപ്പുരയിലാണെങ്കിലും അഭിനയത്തില്‍ രജനി ഇപ്പോഴും സജീവമാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2-ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന തലൈവര്‍ 173 എന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ചു പതിറ്റാണ്ടിലേറെ നീളുന്ന രജനികാന്ത് അഭിനയചക്രവര്‍ത്തിയുടെ ജീവിതം ഈ പുസ്തകത്തിലൂടെ വരുംതലമുറയ്ക്ക് വലിയൊരു പാഠപുസ്തകമായി മാറുമെന്നുറപ്പാണ്.

Related Stories

No stories found.
Pappappa
pappappa.com