

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാറായി തിളങ്ങുമ്പോഴും, താൻ സിനിമയിലേക്കു വരുന്നതിനു മുമ്പ് ബംഗളൂരുവിൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലഘട്ടം തനിക്കു പ്രിയപ്പെട്ടതെന്ന് രജനികാന്ത്. 'ജയിലർ 2' സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം തന്റെ പഴയകാല ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.
അഭിനയം തനിക്ക് ഇഷ്ടമാണെങ്കിലും, താൻ അനുഭവിച്ച ആ അഞ്ച് വർഷത്തെ കണ്ടക്ടർ ജോലി അതിനേക്കാളധികം താൻ സ്നേഹിച്ചിരുന്നു എന്നാണ് രജനികാന്ത് പറഞ്ഞത്- "ഞാൻ അഭിനയം ഇഷ്ടപ്പെടുന്നു, എന്നാൽ അതിനേക്കാൾ ഉപരിയായി എന്റെ ബസ് കണ്ടക്ടർ ജോലിയെയാണ് ഞാൻ സ്നേഹിച്ചത്. അഞ്ച് വർഷത്തെ സേവനം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടമായിരുന്നു. ഇന്നും ഞാൻ ആ ദിവസങ്ങളെ മിസ് ചെയ്യുന്നുണ്ട്.'- രജനികാന്ത് പറഞ്ഞു.
ഇപ്പോഴും താൻ സൂപ്പർസ്റ്റാർ പദവിയുമായി പൊരുത്തപ്പെട്ടിട്ടില്ലെന്നും, മനസിൽ താനൊരു സാധാരണ കണ്ടക്ടർ മാത്രമാണെന്നും തലൈവർ കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ പോകുമ്പോൾ ആ ബസുകളും കാക്കി യൂണിഫോമും കാണുമ്പോൾ അറിയാതെ തന്നെ തന്റെ കണ്ണുകൾ നിറയാറുണ്ടെന്നും രജനി പറഞ്ഞു. സ്വന്തം വേരുകളെയും പഴയകാലത്തെയും ഒരിക്കലും മറക്കാത്ത അദ്ദേഹത്തിന്റെ ഈ ലാളിത്യം സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.