

തലൈവർ രജനികാന്തിന്റെ ജയിലര്‍ ആഗോള ബോക്‌സ്ഓഫീസുകളെ പിടിച്ചുകുലുക്കിയ ചിത്രമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവിനായി ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുമ്പോള്‍, വമ്പന്‍ അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങള്‍ അണിനിരക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍ 'ജയിലര്‍ 2'-ന്റെ ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടാണ്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ കൂടി ഒന്നിക്കുന്നതോടെ ചിത്രം ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസ അനുഭവമാകും. മാര്‍ച്ചില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ ഷാരൂഖ് ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എട്ടു ദിവസത്തെ ഷൂട്ടിംഗാണ് കിങ് ഖാനായി മാറ്റിവച്ചിരിക്കുന്നത്. മുതിര്‍ന്ന നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഒരു അഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവന്നത്.
നേരത്തെ ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങിയ 'കൂലി'യിലേക്ക് ഷാരൂഖിനെ ക്ഷണിച്ചെങ്കിലും അദ്ദേഹത്തിനു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല. എന്നാല്‍ നെല്‍സണ്‍ ചിത്രത്തിലൂടെ രജനി-ഷാരൂഖ് കോംബോ സ്‌ക്രീനിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ ഭാഗത്തില്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹന്‍ലാലിന്റെ 'മാത്യു' എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മോഹൻലാലിനൊപ്പം മലയാളത്തില്‍നിന്ന് വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, അന്ന രേഷ്മ രാജന്‍. സുനില്‍ സുഖദ തുടങ്ങിവയര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. ആദ്യ ഭാഗത്തിലെ വില്ലനെ അവതരിപ്പിച്ച വിനായകനും രണ്ടാം ഭാഗത്തില്‍ എത്തുന്നു.
മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവ് വെറുമൊരു രണ്ടാം ഭാഗമല്ല, മറിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരസംഗമമായി മാറും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ജയിലര്‍ വിശേഷങ്ങള്‍ക്കൊപ്പം മറ്റൊരു വാര്‍ത്ത കൂടി ആരാധകരെ ആവേശത്തിലാഴ്ത്തി യിരിക്കുകയാണ്. കമല്‍ഹാസനും രജനികാന്തും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊമോ ശനിയാഴ്ച ഉച്ചയ്ക്ക് റിലീസ് ചെയ്യും.