

തെന്നിന്ത്യന്‍ സിനിമാലോകവും ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളും ഒരുപോലെ ആവേശത്തോടെ ഉറ്റുനോക്കുന്ന മൂന്ന് വന്‍ പ്രോജക്ടുകളുടെ വിവരങ്ങള്‍ പങ്കുവെച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് നിലവില്‍ ഭാഗമാകുന്ന മൂന്ന് പ്രധാന ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.
തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'ജയിലറി'ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' ഒക്ടോബര്‍ 15-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍, യോഗി ബാബു എന്നിവര്‍ക്കൊപ്പം രണ്ടാം ഭാഗത്തില്‍ വിദ്യ ബാലന്‍, സുരാജ് വെഞ്ഞാറമൂട്, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ വമ്പന്‍ താരനിരയും അണിനിരക്കുന്നുണ്ട്.
അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധര്‍മന്‍' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് താരം ഇപ്പോള്‍. തെലുങ്ക് താരം റാം പോത്തിനേനിയും രജനികാന്തും തമ്മിലുള്ള മുഖാമുഖമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
എന്നാല്‍ സിനിമാലോകത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഉലകനായകന്‍ കമല്‍ ഹാസനൊപ്പമുള്ള പുതിയ പ്രോജക്ടാണ്. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ താനും കമല്‍ ഹാസനും ഒന്നിച്ച് അഭിനയിക്കുന്നുണ്ടെന്ന് രജനികാന്ത് സ്ഥിരീകരിച്ചു. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് രണ്ട് ഇതിഹാസങ്ങള്‍ വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. നിലവില്‍ വേറെ പുതിയ സിനിമകളിലൊന്നും ഒപ്പുവെച്ചിട്ടില്ലെന്നും തലൈവര്‍ കൂട്ടിച്ചേര്‍ത്തു.