

താരങ്ങളുടെ താരം തലൈവര്‍ രജനികാന്തിന്റെ അഭിനയജീവിതം അഞ്ചു പതിറ്റാണ്ടു പിന്നിടുന്നു. സൂപ്പര്‍സ്റ്റാറിന്റെ കരിയറിലെ 51-ാം വാര്‍ഷികം ആഘോഷമാക്കി അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ധര്‍മന്‍' ടീം. വന്‍ ആഘോഷമാണ് ചിത്രത്തിന്റെ സെറ്റില്‍ നടന്നത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖരും അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു.
കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ 'അപൂര്‍വ രാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. സ്വാതന്ത്ര്യദിനത്തില്‍ 'ധര്‍മന്‍' ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സംവിധായകന്‍ അശ്വത് മാരിമുത്തു, സഹതാരങ്ങളായ സിമ്രാന്‍, റാഷി ഖന്ന തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ രജനികാന്ത് കേക്ക് മുറിച്ചു.
നിര്‍മാണക്കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ത്രിവര്‍ണ പതാകയേന്തിയ രജനികാന്തിന്റെ പ്രത്യേക സ്വാതന്ത്ര്യദിന പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
രജനികാന്തിന്റെ കരിയറിലെ 173-ാം ചിത്രമായ 'ധര്‍മന്‍' നിര്‍മിക്കുന്നത് കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്. ഡോക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ' ജയിലര്‍ 2' ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു രജനികാന്ത് ചിത്രം. ഒക്ടോബര്‍ 15-നാണ് ' ജയിലര്‍ 2' തിയേറ്ററുകളിലെത്തുന്നത്.