
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ 'കൂലി' തിയറ്ററുകളെ ഉത്സവമാക്കി ലോകമെമ്പാടും പ്രദര്‍ശനം തുടരുകയാണ്. വിദേശരാജ്യങ്ങളിലും കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചാണ് ചിത്രത്തിന്റെ മുന്നേറ്റം. അമേരിക്കയില്‍ നിറഞ്ഞസദസിലാണ് രജനികാന്ത് ചിത്രത്തിന്റെ പ്രദര്‍ശനം. 27 കോടിയോളം രൂപയുടെ ബുക്കിങ് ആണ് അമേരിക്കയില്‍നിന്ന് തമിഴ് ബ്ലോക്ക് ബസ്റ്റര്‍ നേടിയത്. ആദ്യമായാണ് ഒരു തമിഴ് ചിത്രം ആദ്യദിനംതന്നെ കോടികളുടെ കളക്ഷന്‍ നേടുന്നത്.
ഒരു സൗത്ത് ഇന്ത്യന്‍ സിനിമ ഇത്രയധികം കളക്ഷന്‍ നേടുന്നത് ചരിത്രസംഭവമാണെന്ന് വിതരണക്കാര്‍ പറഞ്ഞു. അമേരിക്കയില്‍ തമിഴ് സിനിമകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറില്ല. എന്നാല്‍, രജനികാന്തിന്റെ താരപരിവേഷമാണ് നോര്‍ത്ത് അമേരിക്കന്‍ ചലച്ചിത്രാസ്വാദകരെ ഇളക്കിമറിച്ചതെന്നും വിതരണക്കാര്‍ പറഞ്ഞു.
സാധാരണ തെലുങ്ക് ചിത്രങ്ങള്‍ അമേരിക്കയില്‍ ഹിറ്റ് ആകാറുണ്ട്. അതേസമയം, തമിഴ് സിനിമകള്‍ പ്രദര്‍ശനത്തിനെത്താറുണ്ടെങ്കിലും വലിയരീതിയില്‍ കളക്ഷന്‍ ലഭിക്കാറില്ല. നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ട കണക്കുപ്രകാരം ലോകമെമ്പാടുമായി കൂലി ആദ്യദിനം നേടിയത് 151 കോടി രൂപയാണ്. ആഗോള തലത്തിൽ ഏറ്റവുമധികം പണംനേടിയ തമിഴ്സിനിമയെന്ന റെക്കോഡും ഇതോടെ ചിത്രം സ്വന്തമാക്കി.