

മലയാളികളുടെ പ്രിയപ്പെട്ട സ്ക്രീൻ ജോഡികളായ ജയറാമും ഉർവശിയും വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ചെത്തുന്നു എന്ന വാർത്ത പ്രഖ്യാപന സമയം മുതൽ സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. 2002-ൽ പുറത്തിറങ്ങിയ 'പഞ്ചതന്ത്രം' എന്ന കോമഡി ചിത്രത്തിനുശേഷം താരങ്ങൾ ഒന്നിക്കുന്ന 'പരിമള ആൻഡ് കോ' തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. പ്രേക്ഷകരുടെ ആ കാത്തിരിപ്പ് വെറുതെയായില്ല എന്നു തെളിയിക്കുന്നതാണ് ആദ്യദിന ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിനു ലഭിച്ചത്. ഇന്ത്യയിലൊട്ടാകെ 1.6 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം, 1.84 കോടിയോളം രൂപയാണ് ആദ്യദിനം ഗ്രോസ് കളക്ഷനായി പെട്ടിയിലാക്കിയത്. നീണ്ട ഇടവേളയ്ക്കുശേഷം ജയറാം-ഉർവശി കെമിസ്ട്രി തിയേറ്ററുകളിൽ കാണാനുള്ള പ്രേക്ഷകരുടെ ഒഴുക്കാണു മികച്ച തുടക്കത്തിനു പിന്നിൽ.
പാണ്ഡ്യരാജ് സംവിധാനം ചെയ്ത ചിത്രം പക്കാ ബ്ലാക്ക് കോമഡി ത്രില്ലറാണ്. ഗുണ്ടാത്തലവന്റെ ദുരൂഹ മരണവും അതിനെത്തുടർന്ന് ഒരു കുടുംബം നേരിടുന്ന സങ്കീർണമായ പ്രതിസന്ധികളുമാണു ചിത്രത്തിന്റെ ഇതിവൃത്തം. ആ കൊലപാതകം ചെയ്തത് തങ്ങളിൽ ഒരാളാണെന്ന സംശയം കുടുംബാംഗങ്ങൾക്കിടയിൽ ഉടലെടുക്കുന്നതോടെ കഥ തികച്ചും അപ്രതീക്ഷിതമായ കോമഡി ത്രില്ലർ ട്രാക്കിലേക്ക് മാറുന്നു.
വൻ താരനിരയും സാങ്കേതിക തികവും സിനിമയെ ആകർഷകമാക്കുന്നുണ്ട്. ജയറാമിനും ഉർവശിക്കുമൊപ്പം മിഷ്കിൻ, യോഗി ബാബു, സാന്റി, സന്തോഷ്, ശോഭൻ എന്നിവർ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. ജോർജ് സി. വില്യംസിന്റെ ദൃശ്യഭംഗിയും, ഫോക്സന്റെ പശ്ചാത്തല സംഗീതവും, പ്രദീപ് രാഘവന്റെ എഡിറ്റിങ്ങും സിനിമയുടെ മൂഡ് നിലനിർത്താൻ സഹായിക്കുന്നുണ്ട്. കലൈ കിങ്സൻ ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിനു കരുത്തേകുന്നു.