ആ ചിരിക്ക് പിന്നിലെ കണ്ണീര്‍ക്കടൽ; ഉര്‍വശിയുടെ കാല്‍ തൊട്ടുതൊഴുത് ജയറാം

ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെ ഉർവശിയുടെ കാൽതൊട്ടുതൊഴുന്ന ജയറാം
ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെ ഉർവശിയുടെ കാൽതൊട്ടുതൊഴുന്ന ജയറാംസ്ക്രീൻ​ഗ്രാബ്
Published on

വെള്ളിത്തിരയിലെ വിസ്മയക്കാഴ്ചകള്‍ക്കു പിന്നില്‍ പലപ്പോഴും പ്രേക്ഷകര്‍ കാണാത്ത ചില കണ്ണീരുപ്പുകളുണ്ടാകും. നഷ്ടങ്ങളുടെ മഹാസങ്കടങ്ങളെ നെഞ്ചിലൊതുക്കി, ക്യാമറയ്ക്ക് മുന്നില്‍ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ട കലാകാരന്മാരുടെ ജീവിതം. അത്തരമൊരു ഉലയ്ക്കുന്ന ഓര്‍മ പങ്കുവച്ചുകൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വികാരാധീനരാക്കുകയാണ് നടന്‍ ജയറാം.

തങ്ങളുടെ പുതിയ ചിത്രമായ 'പരിമളം ആന്‍ഡ് കോ'യുടെ ഭാ​ഗമായി ​ഗലാട്ട തമിഴ് യൂട്യൂബ് ചാനലിനുവേണ്ടിയുള്ള അഭിമുഖത്തിലാണ് ഉര്‍വശി എന്ന അദ്ഭുതപ്രതിഭയുടെ പ്രൊഫഷണലിസത്തെക്കുറിച്ച് ജയറാം മനസുതുറന്നത്. വാക്കുകള്‍ക്കപ്പുറമുള്ള ആദരവോടെ ഉര്‍വശിയുടെ കാല്‍ തൊട്ടുതൊഴുത ജയറാമിന്റെ ആ പ്രവൃത്തി സിനിമാപ്രേമികളുടെ നെഞ്ചില്‍ തൊടുന്നതായിരുന്നു.

Must Read
'അവസാനകാഴ്ചയ്ക്ക് ഞങ്ങൾ വരാതിരുന്നത് അതുകൊണ്ടാണ്': മറുപടിയുമായി ഉര്‍വശി
ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെ ഉർവശിയുടെ കാൽതൊട്ടുതൊഴുന്ന ജയറാം

ഈ വര്‍ഷം ജനുവരിയിലായിരുന്നു ഉര്‍വശിയുടെ സഹോദരന്‍ കമല്‍ റോയിയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ ആ മരണം പാലക്കാട്ടെ സിനിമാസെറ്റില്‍ വച്ചാണ് ഉര്‍വശി അറിയുന്നത്. ടൈറ്റ് ഷെഡ്യൂളില്‍ നാല് ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരുന്നത്. ഒന്നാം ദിവസം പകുതി പിന്നിടുമ്പോഴാണ് ഉര്‍വശിയെ തേടി ആ ദുരന്തവാര്‍ത്തയെത്തുന്നത്. ഒരു നിമിഷം കൊണ്ട് പ്രിയസഹോദരന്റെ വേര്‍പാട് ആ മനസിനെ എത്രത്തോളം തളര്‍ത്തിയിട്ടുണ്ടാകുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

ഉർവശിയും ജയറാമും ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെ
ഉർവശിയും ജയറാമും ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെസ്ക്രീൻ​ഗ്രാബ്

എന്നാല്‍, തന്റെ വ്യക്തിപരമായ ദുഃഖം കാരണം സിനിമയുടെ നിര്‍മാതാവിനോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് ആ വലിയ കലാകാരി ഉറപ്പിച്ചു. അന്ന് രാത്രി ചെന്നൈയിലേക്ക് പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് റെഡിയാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവര്‍ ബാക്കി ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചെന്നൈയിലെത്തി പ്രിയ സഹോദരന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ്, തൊട്ടടുത്ത ദിവസം ഉച്ചയോടെ ഉര്‍വശി വീണ്ടും പാലക്കാട്ടെ സെറ്റില്‍ തിരിച്ചെത്തി!

'പരിമളം ആന്‍ഡ് കോ'പോസ്റ്റർ
'പരിമളം ആന്‍ഡ് കോ'പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

അതിലും അമ്പരപ്പിക്കുന്ന കാര്യം, അന്ന് ചിത്രീകരിക്കേണ്ടിയിരുന്നത് ആ സിനിമയിലെ ഏറ്റവും രസകരമായ കോമഡി രംഗമായിരുന്നു എന്നതാണ്. ഉള്ളിലെരിയുന്ന സങ്കടങ്ങളെല്ലാം മറച്ചുവച്ച്, ക്യാമറയ്ക്കു മുന്നില്‍ ഉര്‍വശി ചിരിച്ചുകൊണ്ട് ആ സീന്‍ ഗംഭീരമാക്കുമ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു.

ജയറാം, ഉർവശി. പഴയകാല ഫോട്ടോ
ജയറാം, ഉർവശി. പഴയകാല ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

അതേസമയം, കൂടെയുണ്ടായിരുന്നത് ജയറാം എന്ന സുഹൃത്തായതുകൊണ്ട് മാത്രമാണ് തനിക്ക് ആ അഗ്‌നിപരീക്ഷയെ അതിജീവിക്കാന്‍ കഴിഞ്ഞതെന്നാണ് ഉര്‍വശി പറയുന്നത്. ജയറാമിന് ഉര്‍വശിയുടെ സഹോദരനെ വ്യക്തിപരമായി വളരെ നന്നായി അറിയാമായിരുന്നു. എന്നിട്ടും, സെറ്റില്‍ തിരിച്ചെത്തിയ ഉര്‍വശിയോട് ജയറാം ആ മരണത്തെക്കുറിച്ച് ഒരു വാക്ക് പോലും ചോദിച്ചില്ല. എന്തിന്, എങ്ങനെ എന്ന് ചോദിച്ച് ആ മുറിപ്പാടില്‍ തൊടാന്‍ അദ്ദേഹം തുനിഞ്ഞില്ല. പകരം, അഭിനയിക്കേണ്ട കോമഡി രംഗത്തെക്കുറിച്ച് മാത്രം സംസാരിച്ച് ജയറാം ഉര്‍വശിയെ ചിരിപ്പിച്ചു കൊണ്ടിരുന്നു.

'അന്ന് ജയറാം ആ മരണത്തെക്കുറിച്ച് എന്തെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നുപോയേനെ... ഒന്നും ചോദിക്കാതെ അദ്ദേഹം കാണിച്ച കരുതല്‍ തന്നെയാണ് എന്നെ പിടിച്ചുനിര്‍ത്തിയത്'-ഉര്‍വശി പറഞ്ഞു.

Pappappa
pappappa.com