

മലയാളസിനിമയിലെ ഇതിഹാസതാരമായിരുന്നു ശ്രീനിവാസന്‍. ആ മാഹാപ്രതിഭയുടെ നിര്യാണം ചലച്ചിത്രലോകത്തിന് ഇന്നും ഉണങ്ങാത്ത മുറിവാണ്. പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജയറാമും ഉര്‍വശിയും എത്താതിരുന്നത് അന്നു വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ, ആ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന നിസഹായാവസ്ഥയെക്കുറിച്ച് തുറന്നു പറയുകയാണ് നടി ഉര്‍വശി.
ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഉർവശി മനസുതുറന്നത്. ശ്രീനിവാസനെ അവസാനമായി കാണാന്‍ സാധിക്കാത്തതില്‍ തനിക്കും ജയറാമിനും വലിയ വിഷമമുണ്ടായിരുന്നുവെന്ന് ഉര്‍വശി പറയുന്നു. പാണ്ഡ്യരാജന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അന്ന് ഉര്‍വശിയും ജയറാമും. ചിത്രത്തിന്റെ വളരെ നിര്‍ണായകമായ സീനുകളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്.
'ഞങ്ങള്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് വന്നിരുന്നെങ്കില്‍ ആ പ്രോജക്ട് പകുതിയില്‍ നില്‍ക്കുമായിരുന്നു. അത് സംവിധായകനെയും നിര്‍മാതാവിനെയും വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ അകപ്പെട്ടതുകൊണ്ടാണ് വരാന്‍ കഴിയാതിരുന്നത്. ഇല്ലായിരുന്നെങ്കില്‍ താന്‍ ഓടി എത്തുമായിരുന്നു. ഞാന്‍ ശ്രീനിയേട്ടനെ സ്‌നേഹിക്കുന്നു എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. അത് എനിക്കും ശ്രീനിയേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും നന്നായി അറിയാം-'ഉര്‍വശി പറഞ്ഞു.
ജയറാമിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലും ഉര്‍വശി മറുപടി നല്‍കി:'ജയറാമിന് വരാന്‍ പറ്റാത്തതിന്റെ കാരണം എനിക്കു വ്യക്തമായി അറിയാം. ഞങ്ങള്‍ രണ്ടുപേരും ഒരേ സിനിമയുടെ ഭാഗമായി ആ സാഹചര്യത്തില്‍ പെട്ടുപോയതാണ്. അല്ലാതെ ജയറാം വരാതിരിക്കുമോ? അവര്‍ എത്ര സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവരാണ്'- ഉര്‍വശി പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെക്കാള്‍, തങ്ങളുടെ കടമയും ആത്മബന്ധവുമാണ് വലുതെന്നു വിശ്വസിക്കുന്നതായും അതെല്ലാം തങ്ങളെ മനസിലാക്കുന്നവര്‍ക്ക് അറിയാമെന്നും ഉര്‍വശി പറഞ്ഞു.