

ദിവസത്തിൽ ഒരു തവണ ശ്രീനിവാസൻ എഴുതിയ ഒരു ഡയലോഗെങ്കിലും പറയാതെ മലയാളികൾക്ക് ഒരു ജീവിതമുണ്ടോ എന്നു ചോദിച്ചത് ആരാണ് എന്നറിയില്ല. അദ്ദേഹം എഴുതിയതും അഭിനയിച്ചതുമായ ഒരുകൂട്ടം സിനിമകളിലെ സംഭാഷണങ്ങൾ നമ്മൾ പോലും അറിയാതെ നമ്മുടെ നാവിൻ തുമ്പത്ത് വന്നു പോകുന്നു. അത് നമുക്ക് ഏറ്റവും സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയ ആണ്.
'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന സംഭാഷണം മലയാളികൾക്ക് ദേശീയ സംഭാഷണം തന്നെയാണ്. ജീവിതത്തിൽ നമ്മൾ ഒരു പക്ഷെ ഏറ്റവും രസകരമായി ഉപയോഗിച്ചത് 'ഡെയിലി നൂറു രൂപ' കൊടുക്കുന്ന കാര്യം ആയിരിക്കും. അതായത് എങ്ങാനും കിട്ടിയാലോ എന്നൊരു സ്വപ്നത്തിന്മേൽ നമ്മൾ എത്ര രസിച്ചിരിക്കുന്നു.
'അവിടെ കല്യാണം ഇവിടെ പാല് കാച്ചൽ' നമ്മൾ ദൈനദിനം ചെയ്യുന്ന മൾട്ടി ടാസ്കിങ്ങിനെ ലഘൂകരിക്കാൻ ചിലപ്പോൾ ഒക്കെ സഹായിച്ചു കാണും അല്ലേ! ഒരിക്കലും ശരിയാകാതെ എത്രെയെത്ര 'ഇപ്പോ ശരിയാക്കി' തരലുകൾ നാം പറഞ്ഞിരിക്കുന്നു! ഗൂഗിൾ മാപ്പുകൾ പണി മുടക്കുന്ന കാലങ്ങളിൽ എപ്പോഴോ 'നമുക്ക് ചോയ്ച്ചു ചോയ്ച്ചു പോകാം' എന്ന വരികൾ ഏറ്റവും സ്വാഭാവികമായി നാം പറയുന്നു.
'ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൺ ഡിസി ടു മയാമി ബീച്ച്' എന്ന് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആളുകൾ (അല്ലാതെയും) ഒരിക്കലെങ്കിലും ചോദിച്ച് കാണും. കഴിഞ്ഞ ദിവസം കൂടി ആരോ വീട്ടിൽ വന്നു തിരിച്ചു പോയപ്പോൾ അവരോട് 'അയ്യോ ---- പോകല്ലേ..' എന്ന് പറഞ്ഞു കുറെ ചിരിച്ചു. ഇന്ന് എന്തുണ്ടാക്കും എന്ന ആലോചിച്ച് ഇരിക്കുമ്പോൾ നമ്മൾ പോലും അറിയാതെ നമ്മൾ പറയും 'ഒബ്‌റോയിൽ നിന്ന് എന്റെ ലഞ്ച് കൊണ്ട് വരൂ' എന്ന്. പിന്നെ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ 'ഒരു മാസം ഒന്ന് തട്ടി മുട്ടി ജീവിച്ച പോകാൻ ഒരു കോടി രൂപ വേണം' എന്നൊരു കണ്ണിറുക്കിയ സംഭാഷണവും പല സമയങ്ങളിൽ നാം ഉപയോഗിക്കുന്നു.
വെറുതെ ഒരു തമാശക്ക് 'സാധനം കയ്യിലുണ്ടോ' എന്നൊരു ഡയലോഗ് ആരോടെങ്കിലും പറയുമ്പോൾ 'സാധനമോ.... 'പോളണ്ടിനെ കുറിച്ച് ഒരക്ഷരം പറയരുത്' എന്നായിരിക്കും മറുപടി കിട്ടുക. 'അമേരിക്ക അമേരിക്ക...' എന്ന് ഈണത്തിൽ ഒരാളെ കൊണ്ട് പണി ചെയ്യിപ്പിച്ച് കിട്ടാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് നിന്ന് 'വോ വേണ്ട.' ആയിരിക്കില്ലേ നമുക്കൊക്കെ മറുപടി ആയി കിട്ടുക
'കുഞ്ഞിരാമാ ഞാനിപ്പോ ചായ ചോദിച്ചോ..' എന്ന സംഭാഷണവും 'പ്രഭാകരാ' എന്ന വിളിയും ഇന്നലെ കൂടെ എന്തോ പറഞ്ഞപ്പോൾ ഉപയോഗിച്ചിരുന്നു. കടുകട്ടി മലയാളം ഉള്ള എഴുത്തുകൾക്കും പോസ്റ്റുകൾക്കും താഴെ നമ്മൾ അറിയാതെ 'അന്ന് ഗുരുവായൂരപ്പന് ജലദോഷം ആയിരുന്നു' എന്ന വരി ഡയലോഗ് പറഞ്ഞു പോകുന്നു.
അറിവില്ലായ്മയുടെ പൂച്ച് പുറത്താവാതെ ഇരിക്കാൻ ഇതാ വരുന്നു നമ്മുടെ തുറുപ്പു ചീട്ട് :'ഞാൻ പൊളി ടെക്നിക്കിൽ ഒന്നും പോയിട്ടില്ലല്ലോ' എന്ന്...എന്താല്ലേ..!ഒരേ അലുവ കഷണത്തിനു വേണ്ടി അടി കൂടുമ്പോൾ നമ്മൾ അറിയാതെ പറയുന്നു: 'ദയവു ചെയ്ത ഇവിടെ ഇനി അലുവ വാങ്ങരുത്' എന്ന്. ഒടുവിൽ 'എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു...അങ്ങനെ പവനായി ശവമായി...'എന്ന് പറയുമ്പോൾ ഇപ്പോൾ ദേ ഉള്ളിലൊരു വല്ലാത്ത നീറ്റൽ.
എനിക്ക് തോന്നുന്നത് ചിലരൊക്കെ മരിച്ചു പോകുമ്പോൾ ആണ് അവർ നമുക്ക് എത്ര പ്രിയപ്പെട്ടവർ ആയിരുന്നു എന്ന് നമ്മൾ ഓർത്തു പോവുക.
ശ്രീനിവാസന് അന്ത്യാഞ്ജലി. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ... അതെ വിജയാ!'
(യാമിനി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്)