ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പഠിപ്പിക്കാനാകാത്ത പാഠങ്ങള്‍; ഗുരുനാഥന്റെ നിഴലുകളിൽ രവി

ഭാരതിരാജ,നിഴൽ​ഗൾ രവി
ഭാരതിരാജ,നിഴൽ​ഗൾ രവിഫോട്ടോകടപ്പാട്-ഐഎംഡിബി
Published on

തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ കൃത്രിമ വെളിച്ചത്തില്‍നിന്ന് ഗ്രാമങ്ങളുടെ പച്ചപ്പിലേക്കും മണ്ണിലേക്കും ഇറക്കിനടത്തിയ ഭാരതിരാജ വിടപറയുമ്പോള്‍, ഇന്ത്യന്‍ സിനിമയ്ക്കു നഷ്ടമാകുന്നത് ഒരു സുവര്‍ണ അധ്യായമാണ്. അഞ്ചു പതിറ്റാണ്ടുകാലം തമിഴ് സെല്ലുലോയിഡിനെ ഭരിച്ച ആ ഭാവനാസമ്പന്നന്റെ വിയോഗം ചെന്നൈയിലെ സിനിമാമുറികളില്‍ മാത്രമല്ല, ഭാരതിരാജ എന്ന പേരാലിന്റെ തണലില്‍ വളര്‍ന്ന ഒട്ടനവധി പ്രതിഭകളുടെ മനസുകളിലും വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Must Read
ഉച്ചത്തിൽ ചിരിച്ചപ്പോഴും ചിരിപ്പിച്ചപ്പോഴും ഉള്ളിലെ ആഴങ്ങളിലേക്ക് നോക്കി കരഞ്ഞയാൾ
ഭാരതിരാജ,നിഴൽ​ഗൾ രവി

ആ വിയോഗവാര്‍ത്തയറിഞ്ഞ് വിതുമ്പുന്ന സിനിമാലോകത്ത്, തന്റെ പേരിനൊപ്പം 'നിഴല്‍ഗള്‍' എന്നു ചേര്‍ത്തുപിടിച്ച നടന്‍ രവിയുടെ വാക്കുകള്‍ കേവലമൊരു അനുശോചനമല്ല; അതൊരു വലിയ ഗുരുപര്‍വത്തിന്റെ നേര്‍സാക്ഷ്യമാണ്. തൊണ്ണൂറുകളില്‍ തമിഴ് സിനിമയില്‍ സജീവമായിരുന്ന രവി എന്ന നടനെ ഇന്നു സിനിമാലോകം അറിയുന്നത് 'നിഴല്‍ഗള്‍ രവി' എന്നാണ്. തന്റെ ആദ്യ ചിത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ഒട്ടിനില്‍ക്കുംവിധം ആഴത്തിലുള്ളതായിരുന്നു ഭാരതിരാജ എന്ന സംവിധായകന്‍ അദ്ദേഹത്തിന് നല്‍കിയ മേല്‍വിലാസം.

'നിഴൽ​ഗൾ' പോസ്റ്റർ
'നിഴൽ​ഗൾ' പോസ്റ്റർകടപ്പാട്-ഐഎംഡിബി

'കഴിവുള്ള, മുമ്പ് അഭിനയിച്ച് പരിചയമുള്ള നടന്മാരെവെച്ച് മികച്ച സിനിമകള്‍ ചെയ്യുന്നത് അത്ര വലിയ കാര്യമല്ല. എന്നാല്‍ ഒരു ക്യാമറയ്ക്ക് മുന്നിലും നിന്നിട്ടില്ലാത്ത പുതുമുഖങ്ങളെ കൊണ്ടുവന്ന്, അവരില്‍നിന്ന് ക്ലാസിക്കുകള്‍ ജനിപ്പിക്കുന്ന ജാതകക്കാരനായിരുന്നു ഭാരതിരാജ സാര്‍. അദ്ദേഹത്തിന്റേത് ഒരു രാശിയുള്ള കൈയായിരുന്നു. ആ കൈ പിടിച്ചു സിനിമയിലെത്തിയ ആരും പരാജയപ്പെട്ടിട്ടില്ല'-രവി തേങ്ങലോടെ ഓര്‍ത്തു.

ഭാഗ്യരാജ്, മണിവണ്ണന്‍ തുടങ്ങി പിന്നീട് തമിഴ് സിനിമയുടെ ദിശ മാറ്റിയെഴുതിയ എത്രയോ സംവിധായകര്‍ക്കും നടന്മാര്‍ക്കും തണലായ വലിയൊരു പേരാലായിരുന്നു ഭാരതിരാജ. ആ പേരാലിന്റെ തണലില്‍ വളര്‍ന്നവരാണ് പിന്നീട് തമിഴകത്ത് സ്വന്തമായി സാമ്രാജ്യങ്ങള്‍ തീര്‍ത്തത്.

ഭാരതിരാജ
ഭാരതിരാജഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

സിനിമ പഠിക്കാന്‍ ഇന്നു ലോകമെമ്പാടും വമ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. ലക്ഷങ്ങള്‍ മുടക്കി കുട്ടികള്‍ അവിടെപ്പോയി തിയറിയും പ്രാക്ടിക്കലും പഠിക്കുന്നു. എന്നാല്‍ ലോകത്തെ എല്ലാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഒരുമിച്ച് ചേര്‍ത്തുവെച്ചാലും ഭാരതിരാജ എന്ന ഒറ്റയാള്‍ പാഠശാലയോളം വരില്ലെന്നും രവി കൂട്ടിച്ചേര്‍ത്തു.

ക്ലാസ് റൂമുകളിലെ കനത്ത തിയറികളില്ലാതെ, ഒരു പഠന സെഷനാണെന്ന് തോന്നിപ്പിക്കാതെ തന്നെ അദ്ദേഹം നടന്മാരെ രൂപപ്പെടുത്തിയെടുത്തു. ഒരു ഫ്രെയിമില്‍ എവിടെ നില്‍ക്കണം, എങ്ങോട്ട് നോക്കണം, പശ്ചാത്തല സംഗീതത്തിന്റെ താളത്തിനനുസരിച്ച് എങ്ങനെ ഭാവങ്ങള്‍ വരണമെന്ന് അദ്ദേഹം കാണിച്ചുതന്നു. ഭാരതിരാജ സംവിധാനം ചെയ്യുന്ന ഒരൊറ്റ സീനില്‍ അഭിനയിക്കാന്‍ കഴിഞ്ഞാല്‍ പോലും അതൊരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അഭിനയ പാഠമാണ്.

ഭാരതിരാജ
ഭാരതിരാജഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

അഞ്ച് ദേശീയ പുരസ്‌കാരങ്ങളും പത്മശ്രീയും (2004) ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഭാരതിരാജയെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ അതിലുമൊക്കെ വലുതായിരുന്നു തമിഴ് സിനിമയ്ക്ക് അദ്ദേഹം നല്‍കിയ ഭൂമിശാസ്ത്രപരമായ മാറ്റം. സെറ്റുകളുടെ കൃത്രിമത്വത്തില്‍ ശ്വാസംമുട്ടിയ ക്യാമറകളെ തമിഴ്നാടിന്റെ ഗ്രാമീണ സൗന്ദര്യത്തിലേക്കും മനുഷ്യരിലേക്കും തിരിച്ചുവിട്ടത് അദ്ദേഹമാണ്. 85-ാം വയസില്‍ ചെന്നൈയിലെ വസതിയില്‍ ആ ദൃശ്യവിസ്മയം അവസാനിക്കുമ്പോള്‍, ഇന്ത്യന്‍ സിനിമയിലെ വലിയ കാലഘട്ടത്തിനാണ് തിരശീല വീഴുന്നത്.

ഗുരുനാഥന്‍ വിടപറയുമ്പോഴും, അദ്ദേഹം തന്നിലേക്ക് പകര്‍ന്നുനല്‍കിയ വെളിച്ചം കൂടെയുണ്ടാകുമെന്ന ഉറപ്പിലാണ് രവിയെപ്പോലെയുള്ള നൂറുകണക്കിന് പ്രതിഭകള്‍ ഇന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. കാരണം, ഭാരതിരാജ ഒരു വ്യക്തിയല്ല, ഒരു ചലച്ചിത്ര പാഠശാലയാണ്.

Pappappa
pappappa.com