

തലൈവര്‍ രജനികാന്തിന്റെ 'ജയിലര്‍ 2' വന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍, ചിത്രത്തിലെ 'മൂര്‍ത്തി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നമോ നാരായണയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. സിനിമയിലെത്താന്‍ വേണ്ടി ലക്ഷങ്ങള്‍ ശമ്പളമുള്ള ഐടി ജോലി ഉപേക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. ബഹ്റൈന്‍, മലേഷ്യ, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ സോഫ്റ്റ് വെയർ എൻജിനീയറായും ബിസിനസ് കണ്‍സള്‍ട്ടന്റായും ജോലി ചെയ്തിരുന്ന അദ്ദേഹം, സിനിമാ മോഹം നെഞ്ചിലേറ്റിയാണ് കോര്‍പ്പറേറ്റ് ജീവിതം പൂര്‍ണമായും ഒഴിവാക്കിയത്.
സിനിമയോടുള്ള അടങ്ങാത്ത ആവേശം കാരണം സോഫ്റ്റ് എൻജിനീയറുടെയും അസിസ്റ്റന്റ് ഡയറക്ടറുടെയും ജോലി ഒരേസമയം കൊണ്ടുനടക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഒടുവില്‍ പത്തുവര്‍ഷത്തെ വിസയും ഉയര്‍ന്ന ശമ്പളവുമുള്ള ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് അമേരിക്കയില്‍ നിന്ന് പൂര്‍ണമായും സിനിമയിലേക്ക് ചുവടുമാറ്റുകയായിരുന്നു. സംവിധായകന് സമുദ്രക്കനിയോടും നിര്‍മാതാവ് മൈക്കല്‍ രായപ്പനോടുമൊപ്പം ചേര്‍ന്ന് 2009-ല്‍ ശശികുമാര്‍ നായകനായ 'നാടോടികള്‍' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായാണ് അദ്ദേഹം സിനിമാമേഖലയിലേക്കു പ്രവേശിക്കുന്നത്.
ഷൂട്ടിങ് സെറ്റിലെ രസകരമായ ചില യാദൃച്ഛിക സംഭവങ്ങളാണ് അദ്ദേഹത്തെ നടനാക്കി മാറ്റിയത്. സെറ്റില്‍ വൈകി വരുന്നുവെന്ന് തെറ്റിദ്ധരിച്ച അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആസ്പദമാക്കി ഹാസ്യകഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. അങ്ങനെ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് നാടോടികള്‍, രംഗ, ജയിലര്‍, രായന് തുടങ്ങിയ നിരവധി അഭിനയിച്ചു.
പതിനഞ്ച് വര്‍ഷത്തിനിടയില്‍ 80-ലധികം ചിത്രങ്ങളില്‍ വേഷമിട്ട നമോ നാരായണയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത് നെല്‍സണ്‍ സംവിധാനം ചെയ്ത 'ജയിലര്‍ 2' ആണ്. ചിത്രത്തിലെ 'പഴക്കടൈ മൂര്‍ത്തി' എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടിയത്. പ്രത്യേകിച്ച് സുരാജ് വെഞ്ഞാറമൂടുമായുള്ള ചെസ് കളി സീനുകളും അദ്ദേഹത്തിന്റെ കോമഡി ടൈമിങ്ങും ആരാധകരെ ഏറെ ആകര്‍ഷിച്ചു.
റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ 650 കോടിയിലേറെ നേടിയ 'ജയിലര്‍ 2' ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറിക്കഴിഞ്ഞു. രജനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ്കുമാര്, വിദ്യ ബാലന്, എസ്.ജെ. സൂര്യ തുടങ്ങി വന്‍താരനിരയാണ് ഈ ചിത്രത്തിലുള്ളത്.