

തലൈവർ രജനികാന്ത് - നെൽസൺ കൂട്ടുകെട്ടിൽ എത്തിയ മാസ് ചിത്രം 'ജയിലർ 2' ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തിക്കുറിക്കുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് കോടികളാണ് വാരിക്കൂട്ടുന്നത്. സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം റിലീസിന്റെ ഏഴാം ദിവസം മാത്രം ചിത്രം ഏകദേശം 42 കോടി രൂപയാണ് കളക്ട് ചെയ്തത്. ഇതോടെ ചിത്രത്തിന്റെ ആഗോള കളക്ഷൻ 582.45 കോടി രൂപ കടന്നിരിക്കുകയാണ്.
ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ഇതിനോടകം തന്നെ 'ജയിലർ 2'നെ ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോഡിലേക്ക് 'ജയിലർ 2' അതിവേഗം മുന്നേറുകയാണ്. നിലവിൽ രജനികാന്തിന്റെ തന്നെ 2018-ൽ പുറത്തിറങ്ങിയ '2.0' (ഏകദേശം 700 കോടി രൂപ) ആണ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രം. ഈ റെക്കോഡ് വൈകാതെ തന്നെ 'ജയിലർ 2' തകർക്കുമെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകർ വിലയിരുത്തുന്നത്.
തമിഴ് സിനിമാചരിത്രത്തിൽ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ഗ്രോസ്കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതി ഇതിനകം 'ജയിലർ 2' സ്വന്തമാക്കിക്കഴിഞ്ഞു. 549കോടിയിലധികം രൂപയാണ് ലോകമെമ്പാടും നിന്നായി ആദ്യ ആഴ്ചയിൽ 'ജയിലർ 2' വാരിയെടുത്തത്.
കൂടാതെ, ആയിരം കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രമായി ഇത് മാറുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികളും ആരാധകരും. വിജയ്യുടെ 'ലിയോ' (ഏകദേശം 620 കോടി), 'ജയിലർ'ഒന്നാംഭാഗം (ഏകദേശം 605 കോടി) തുടങ്ങിയ വൻകിട ചിത്രങ്ങളുടെ റെക്കോഡുകളെല്ലാം പിന്തള്ളിയാണ് മുത്തുവേൽ പാണ്ഡ്യന്റെ കുതിപ്പ്.
രജനികാന്തിനൊപ്പം എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ആദ്യ ഭാഗത്തിലുണ്ടായിരുന്ന രമ്യാ കൃഷ്ണൻ, മിർണ, യോഗി ബാബു, മോഹൻലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ ഹൃതിക് റോഷന്റെ അതിഥി വേഷവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.