

തെന്നിന്ത്യന്‍ നായകന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരാകുമെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഫെബ്രുവരി 14-ന് താരങ്ങള്‍ വിവാഹിതരാകും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തകളോട് രസകരമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ് മൃണാള്‍.
തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിലാണ് മൃണാള്‍ മനസുതുറന്നത്. ഫെബ്രുവരി 14-ന് വിവാഹം നടക്കുമോ എന്ന ചോദ്യത്തിനു ചിരിച്ചുകൊണ്ടായിരുന്നു താരം മറുപടി നല്‍കിയത്. 'ഇല്ല... എനിക്കു തോന്നുന്നു ഫെബ്രുവരി 14 എന്നെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ ഒന്ന് (ഏപ്രില്‍ ഫൂള്‍) ആയിരിക്കുമെന്ന്. ആരാണ് ഈ വാര്‍ത്തകള്‍ സൃഷ്ടിച്ചുവിടുന്നതെന്ന് അറിയില്ല. അതിലുപരി, ഞാന്‍ പറയാത്ത കാര്യങ്ങള്‍ പോലും എന്റെ പേരില്‍ പ്രചരിപ്പിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ അദ്ഭുതവും ഒപ്പം പേടിയും തോന്നുന്നുണ്ട്-' മൃണാള്‍ പറഞ്ഞു.
2025 ഓഗസ്റ്റില്‍ മൃണാള്‍ അഭിനയിച്ച 'സണ്‍ ഓഫ് സര്‍ദാര്‍ 2'-ന്റെ പ്രീമിയര്‍ ചടങ്ങില്‍ ധനുഷിനെ കണ്ടുമുട്ടിയ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് താരങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. പിന്നീട് ധനുഷ് ചിത്രമായ 'തേരേ ഇഷ്‌ക് മേം'ന്റെ റാപ്പ് അപ്പ് പാര്‍ട്ടിയില്‍ മൃണാള്‍ പങ്കെടുത്തതും വാര്‍ത്തകള്‍ക്ക് ഇരട്ടി കൊഴുപ്പേകി.
2022-ലാണ് ഐശ്വര്യ രജനീകാന്തുമായുള്ള 18 വര്‍ഷത്തെ ദാമ്പത്യം ധനുഷ് അവസാനിപ്പിച്ചത്. മൃണാളിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം താരം ഇപ്പോള്‍ പൂര്‍ണമായും തന്റെ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് സിദ്ധാന്ത് ചതുര്‍വേദിക്കൊപ്പം അഭിനയിച്ച 'ദോ ദീവാനേ ഷെഹര്‍ മേന്‍' റിലീസ് ചെയ്യും. മാര്‍ച്ചില്‍ ഒരു തെലുങ്ക് ചിത്രവും പുറത്തിറങ്ങാനുണ്ട്. തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയില്‍ വിവാഹം പ്ലാന്‍ ചെയ്തിട്ടില്ലെന്ന് മൃണാൾ പരോക്ഷമായി വ്യക്തമാക്കി.