

തമിഴ് സിനിമകളില്‍ തദ്ദേശീയരായ നടിമാരെ പരിഗണിക്കാതെ ഇതരഭാഷാ നടിമാരെ കൊണ്ടുവരുന്നതിനെക്കുറിച്ചും, കഥാപാത്രത്തിനായി ചര്‍മം കറുപ്പിക്കുന്നതിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണിപ്പോള്‍. കാലങ്ങളായുള്ള ഈ ആക്ഷേപം, ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ധനുഷിന്റെ 'കര' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്.
ചിത്രത്തിലെ നായികയായ മമിതയെ തമിഴ് പശ്ചാത്തലമുള്ള വേഷത്തില്‍ അഭിനയിപ്പിക്കുകയും, ഇരുണ്ട നിറം തോന്നിക്കാനായി ബ്രൗണ്‍ മേക്കപ്പ് ഉപയോഗിക്കുകയും ചെയ്തതാണ് ചിലരെ പ്രകോപിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നടിമാരില്ലാത്തതാണോ ഇത്തരം പരീക്ഷണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു പ്രധാന വിമര്‍ശനം.
ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മമിത ബൈജു. 'എനിക്കു ലഭിച്ച അവസരം സ്വീകരിക്കുകയാണു ചെയ്തത്. അഭിനേത്രി എന്ന നിലയില്‍ എല്ലാത്തരം വേഷങ്ങളും പരീക്ഷിക്കണമെന്ന ആഗ്രഹമുണ്ട്. ഒരു പ്രത്യേക റോളില്‍ ആര് അഭിനയിക്കണം എന്നത് പൂര്‍ണമായും ആ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ തീരുമാനമാണ്. അതിനെ അനീതി എന്ന് വിളിക്കാന്‍ കഴിയില്ല.'-മമിത പറഞ്ഞു.
താന്‍ നേടിയെടുത്ത വിശ്വാസത്തിന്റെ പുറത്താണ് അവസരങ്ങള്‍ ലഭിക്കുന്നതെന്നും മമിത കൂട്ടിച്ചേര്‍ത്തു. സിനിമയിലെ കഥാപാത്രം, ജീവിക്കുന്ന ചുറ്റുപാടിലുള്ള സ്ത്രീകള്‍ക്ക്, അവരിലൊരാളാണ് എന്നു തോന്നുന്നുണ്ടെങ്കില്‍ അതാണ് തന്റെ വിജയമെന്നും താരം കൂട്ടിച്ചേര്‍ത്തു. മറ്റൊരു ഭാഷയില്‍ അഭിനയിച്ച് കഴിവ് തെളിയിക്കുക എന്നത് വെല്ലുവിളിയാണെന്നും, ഭാഷാപരമായ അതിരുകള്‍ മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്റെ കടമയും ഉത്തരവാദിത്തവുമാണെന്നും മമിത പറഞ്ഞു.