
തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാറിന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരേയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പകര്‍പ്പവകാശപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സംഗീതസംവിധായകന്‍ ഇളയരാജയും 'ഗുഡ് ബാഡ് അഗ്ലി'യുടെ നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം കോടതികയറിയിരുന്നു. സിനിമയില്‍ ഇളയരാജയുടെ മൂന്ന് ഹിറ്റ് ഗാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേയാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്.
'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തില്‍ ഉപയോഗിച്ച ഇളയരാജയുടെ ഗാനം ഒടിടി ഉള്‍പ്പെടെ, ഒരിടത്തും പ്രദര്‍ശിപ്പിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നതില്‍നിന്നാണ് നിര്‍മാതാക്കള്‍ക്കു വിലക്ക്. ഒത്ത റുബ തരേന്‍ (നാട്ടു പുറപ്പാട്- 1996), ഇളമൈ ഇതാ ഇതോ (സകലകല വല്ലവന്‍- 1982), എന്‍ ജോഡി മഞ്ഞ കുരുവി (വിക്രം- 1986) എന്നീ മൂന്നു ഗാനങ്ങളുടെ ട്രാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരേ ഇളയരാജ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. അതേസമയം, നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് സമര്‍പ്പിച്ച അംഗീകാരം സംബന്ധിച്ച് സമര്‍പ്പിച്ച മറുപടി വ്യക്തമല്ലെന്നും ആരാണ് അവര്‍ക്ക് അവകാശങ്ങള്‍ നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് അജിത് കുമാര്‍, തൃഷ കൃഷ്ണന്‍, അര്‍ജുന്‍ ദാസ് എന്നിവര്‍ അഭിനയിച്ച 'ഗുഡ് ബാഡ് അഗ്ലി' ഈ വര്‍ഷം ഏപ്രിലില്‍ ആണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രധാന സൗണ്ട് ട്രാക്ക് ഒരുക്കിയത് ജി.വി. പ്രകാശ് കുമാറാണെങ്കിലും, ഇളയരാജയുടെ മൂന്ന് രചനകള്‍ ഉള്‍പ്പെടുത്തിയത് നിയമപരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. സിനിമ റിലീസ് ചെയ്തതിനു ശേഷം, ഇളയരാജ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഗാനങ്ങള്‍ സിനിമയില്‍നിന്ന് നീക്കണമെന്നും അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഔപചാരികമായി ക്ഷമാപണം നടത്തണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പൂര്‍ണമായി വാദം കേള്‍ക്കുന്നതുവരെ, തര്‍ക്കത്തിലുള്ള ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് നിര്‍മാതാക്കളെ തടയുന്നതാണ് ഇടക്കാല ഉത്തരവ്.