
'കൂലി'എന്ന ചിത്രത്തിനുശേഷം സ്റ്റൈൽ മന്നൻ രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്ത.'കൂലി' റിലീസിനൊരുങ്ങുന്നതിനിടെയാണ് തെന്നിന്ത്യൻ ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് പുതിയ വിവരം പുറത്തുവന്നത്.
ചിത്രത്തിന്‍റെ അവസാന പതിപ്പ് കണ്ടശേഷം രജനികാന്ത് സംവിധായകൻ ലോകേഷിനെ അഭിനന്ദിക്കുകയും തുടർന്നും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തിരുന്നു. സൂപ്പർ താരത്തിന്‍റെ ഈ വാക്കുകളാണ് പുതിയ കഥയുടെ ആലോചനയിൽ ലോകേഷിന് ഊർജമായത്. രജനികാന്തിന്‍റെ വാക്കുകൾ ലോകേഷിൽ വലിയ സ്വാധീനം ചെലുത്തിയതായാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.
'കൂലി'യുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ലോകേഷ് രജനികാന്തുമായുള്ള പുതിയ പ്രോജക്ടിനെക്കുറിച്ച് വാചാലനാകുകയും ചെയ്തു. എന്നാൽ, കഥയുമായി ബന്ധപ്പെട്ട വിവരങ്ങളോ, ചിത്രം എന്നത്തേക്കു പ്ലാൻ ചെയ്യുമെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും ലോകേഷ് പറഞ്ഞില്ല. സംവിധായകൻ അരുൺ മാതേശ്വരനോടൊപ്പം പുതിയ ചിത്രത്തിന്‍റെ ചർച്ചയിലാണ് ലോകേഷ്. തുടർന്ന് 'കൈതി 2' സംവിധാനം ചെയ്യും. അതിനുശേഷം ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനുമായി പാൻ ഇന്ത്യൻ പ്രോജക്ടിൽ പങ്കുചേരും. ഇതിനുശേഷമായിരിക്കും രജനികാന്തുമായുള്ള പുതിയ സിനിമ.
'കൂലി' ഓഗസ്റ്റ് 14ന്
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'കൂലി' ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും. ആഗോള റിലീസ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വൻ താരനിരയാണ് 'കൂലി'യിലുള്ളത്. നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ആമിർ ഖാൻ, ശ്രുതി ഹാസൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.