
കൂലി- ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആകും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ. രജനിയെ കൂടാതെ സിനിമയുടെ ഹൈലൈറ്റിലൊന്നാണ് ആമിർ ഖാന്റെ കാമിയോ റോൾ. തന്റെ റോളിനെക്കുറിച്ച് ആമിർ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ കൂലിയിലെ ആമിര്‍ ഖാന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ദഹാ എന്ന കഥാപാത്രമായാണ് ആമിര്‍ എത്തുന്നത്. മാസ് റോളിലാണ് വരവ്. പതിനഞ്ച് മിനിറ്റ് നേരം താരം സിനിമയിലുണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആ പതിനഞ്ചു മിനിറ്റ് പ്രക്ഷകരെ ആവേശക്കൊടുമുടിയിലേറ്റുമെന്നും അണിയറപ്രവര്‍ത്തകര്‍ സൂചനനല്‍കുന്നു. രജനികാന്തിനൊപ്പം ആക്ഷന്‍ സീനുണ്ടെന്നും വാർത്തകളുണ്ട്.
താനൊരു രജനിഫാന്‍ ആണെന്ന് നേരത്തെ ആമിര്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. കഥ പോലും കേള്‍ക്കാതെയാണ് സിനിമയില്‍ അഭിനയിക്കാന്‍ ബോളിവുഡ് സൂപ്പർസ്റ്റാർ സമ്മതിച്ചത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. രജനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിര്‍മിച്ചത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ഓഗസ്റ്റ് 14ന് ആണ് റിലീസ്.