

കോളിവുഡ് സംവിധായകനിൽനിന്ന് നടനിലേക്കുള്ള അരങ്ങേറ്റം ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റ് ആയതിന്‍റെ ആഘോഷത്തിലാണ് ലോകേഷ് കനകരാജും സംഘവും. ഡിസി എന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലെത്തി ആദ്യ നാല് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ 50 കോടി രൂപയിലധികം കളക്ഷൻ നേടിയതായി നിർമാതാക്കളായ സൺ പിക്ചേഴ്സ് ഔദ്യോഗികമായി അറിയിച്ചു.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വാമിഖ ഗബ്ബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത് ചന്ദ്ര ചതോപാധ്യായയുടെ പ്രശസ്തമായ 'ദേവദാസ്' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതാണ് ചിത്രം.
ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽക്കേ വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ലോകേഷിന്‍റെ അഭിനയവും അരുൺ മാതേശ്വരന്‍റെ മേക്കിങ്ങും അനിരുദ്ധ് രവിചന്ദറിന്‍റെ പശ്ചാത്തല സംഗീതവും മുകേഷ് ജിയുടെ ചായാഗ്രഹണവുമാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണം. കൃഷ് ദയാൽ, അവിനാഷ് രഘുദേവൻ, തലൈവാസൽ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നായകനായി ബോക്സ് ഓഫീസിലും തന്‍റെ സ്വാധീനം തെളിയിക്കുകയാണ് ഈ വിജയത്തിലൂടെ ലോകേഷ് കനകരാജ്.