

തിയേറ്ററുകളില്‍ അഞ്ചാം വാരത്തിലും വിജയക്കുതിപ്പ് തുടരുന്ന സൂര്യ ചിത്രം 'കറുപ്പ്' പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിന്റെ കളര്‍ ഗ്രേഡിങ്ങില്‍ പിഴവുപറ്റിയെന്നാണ് ആരോപണം. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ മങ്ങിയതായി അനുഭവപ്പെടുന്നു എന്നാണ് പ്രേക്ഷകരുടെ പ്രധാന പരാതി.
ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം മെയ് 15-നാണ് തിയേറ്ററുകളിലെത്തിയത്. മികച്ച തിരക്കഥ കൊണ്ടും സൂര്യയുടെ മാസ് പ്രകടനം കൊണ്ടും ഇതിനകം തന്നെ 340 കോടിയിലധികം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. തിയേറ്ററിലും ചിത്രത്തിന്റെ നീല കലര്‍ന്ന ടോണിനെക്കുറിച്ച് ചിലര്‍ സംസാരിച്ചിരുന്നെങ്കിലും, ഒടിടി റിലീസിന് ശേഷമാണ് ഈ വിമര്‍ശനം ശക്തമായത്.
ചിത്രത്തിന്റെ ടീസറിലെ കളര്‍ ഗ്രേഡിങ് പെര്‍ഫെക്ട് ആയിരുന്നു. ജി.കെ. വിഷ്ണുവിന്റെ ഫ്രെയിമുകള്‍ വേറെ ലെവല്‍ ആണെങ്കിലും ഈ ഗ്രേഡിങ് അതിനോട് ഒട്ടും നീതി പുലര്‍ത്തിയില്ലെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നു. അതേസമയം, കറുപ്പസ്വാമി എന്ന കാവല്‍ദൈവത്തിന്റെ പശ്ചാത്തലവും അതിന്റെ നിഗൂഢതയും വ്യക്തമാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ബോധപൂര്‍വം തിരഞ്ഞെടുത്ത ശൈലിയാകാം ഇതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. എങ്കിലും പ്രൈം വീഡിയോയും നിര്‍മാതാക്കളും സാങ്കേതിക പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.