

തിയേറ്ററുകളിൽ 150 കോടിയും കടന്ന് വൻ വിജയക്കുതിപ്പ് തുടരുമ്പോഴും പുതിയൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ സൂര്യയുടെ 'കറുപ്പ്'. തമിഴകത്തെ മുതിർന്ന സംഗീത സംവിധായകൻ ഇളയരാജയെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലുള്ള ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്കു വഴിവച്ചത്. ആർജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിലെ ഈ രംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി.
തങ്ങളുടെ പ്രിയപ്പെട്ട 'ഇസൈജ്ഞാനി'യോട് അങ്ങേയറ്റത്തെ ആദരവും ബഹുമാനവും മാത്രമേ ഉള്ളൂവെന്നും, ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും നിർമാതാക്കൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സിനിമയിലെ ആക്ഷേപഹാസ്യ പശ്ചാത്തലത്തിൽ ഒരു ഡയലോഗ് ഉൾപ്പെടുത്തിയതാണെന്നും, അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അദ്ദേഹത്തിന്റെ പകർപ്പവകാശങ്ങളെ ചോദ്യം ചെയ്യാനോ തങ്ങൾക്കു യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇളയരാജയുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് സിനിമയുടെ വരും പതിപ്പുകളിൽനിന്നും ഒടിടി ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽനിന്നും വിവാദ രംഗം പൂർണമായി ഒഴിവാക്കാനോ തിരുത്താനോ ആണ് അണിയറപ്രവർത്തകരുടെ തീരുമാനം. വിവാദങ്ങൾ ഒരുവശത്ത് പുകയുമ്പോഴും ബോക്സ് ഓഫീസിൽ 'കറുപ്പ്' ജൈത്രയാത്ര തുടരുകയാണ്. "ആറു' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. യോഗി ബാബു, ഇന്ദ്രൻസ്, ശിവദ, സ്വാസിക തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ ആർജെ. ബാലാജിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.