

ഉലകനായകന്‍ കമല്‍ ഹാസന്‍ നായകനാകുന്ന പുതിയ ആക്ഷന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. 'ചിത്താ', 'വീര ധീര സൂരന്‍' എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ശേഷം എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്റെ തന്നെ നിര്‍മാണക്കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആര്‍. മഹേന്ദ്രനൊപ്പം ചേര്‍ന്നാണ് ചിത്രം ഒരുങ്ങുന്നത്.
പ്രഖ്യാപനത്തോടൊപ്പം കമലിന്റെ ഒരു മാസ് ലുക്ക് ഫോട്ടോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നരച്ച താടിയും മുടിയുമായി, കൈയില്‍ അരിവാളേന്തി നില്‍ക്കുന്ന തീക്ഷ്ണമായ ലുക്കിലാണ് കമല്‍ഹാസന്‍ ഫോട്ടോയിലുള്ളത്. 'ഇതാ ഞാന്‍ വരുന്നു..' എന്ന അടിക്കുറിപ്പോടെയാണ് രാജ് കമല്‍ ഫിലിംസ് ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
മണിരത്‌നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' എന്ന ചിത്രത്തിനുശേഷം കമല്‍ഹാസന്‍ അഭിനയിക്കുന്ന സിനിമയാണിത്. അന്‍പറിവ് കൂട്ടുകെട്ടിനൊപ്പം പ്രഖ്യാപിച്ച പ്രോജക്ട് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് അരുണ്‍ കുമാറുമായുള്ള ചിത്രം വേഗത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
ചിത്രത്തിന്റെ പേര്, മറ്റു അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തുവിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.