

തമിഴ് സിനിമയുടെ ഭാവുകത്വത്തെയും വ്യാകരണത്തെയും തിരുത്തിയെഴുതിയ ഇതിഹാസമാണ് കെ. ബാലചന്ദര്‍. അദ്ദേഹത്തിന്റെ 96-ാം ജന്മവാര്‍ഷിക ദിനമായിരുന്നു ജൂലായ് ഒമ്പത്. ആ ദിവസം തന്റെ സിനിമാജീവിതത്തിന്റെ വെളിച്ചമായിരുന്ന ഗുരുനാഥനെ ഉലകനായകന്‍ കമല്‍ഹാസന്‍ വൈകാരികമായി ഓര്‍ത്തെടുത്തു.
'തമിഴ് ചലച്ചിത്ര ലോകത്ത് സര്‍വകലാശാലയായി തിളങ്ങിയ എന്റെ അധ്യാപകന്‍ കെ. ബാലചന്ദര്‍ സാറിന്റെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രധാന ശിഷ്യനായിരിക്കുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു...' എന്ന കമലിന്റെ വാക്കുകളില്‍ നടനെന്ന നിലയില്‍ തന്നെ വാര്‍ത്തെടുത്ത ആ വലിയ മനുഷ്യനോടുള്ള ആദരവ് നിറഞ്ഞുനിന്നിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും സുന്ദരമായ ഗുരു-ശിഷ്യ ബന്ധങ്ങളില്‍ ഒന്നാണ് കെ. ബാലചന്ദറും കമല്‍ഹാസനും തമ്മിലുള്ളത്. 1973-ല്‍ ബാലചന്ദര്‍ സംവിധാനം ചെയ്ത 'അരങ്ങേറ്റം' എന്ന ചിത്രത്തിലൂടെയാണ് കമല്‍ഹാസന്‍ എന്ന നടന്‍ മുതിര്‍ന്ന മികച്ച വേഷങ്ങളിലേക്കു ചുവടുവെക്കുന്നത്.
പിന്നീട് തമിഴ് സിനിമാ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച 'അപൂര്‍വ രാഗങ്ങള്‍', 'അവള്‍ ഒരു തുടര്‍ക്കഥൈ', 'മന്മഥ ലീലൈ' തുടങ്ങി മുപ്പതിലധികം വര്‍ഷങ്ങള്‍ നീണ്ടുനിന്ന കരിയറില്‍ ഇരുപത്തഞ്ചിലധികം ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചത്. വെറുമൊരു നടനപ്പുറം കമല്‍ ഹാസനിലെ ചലച്ചിത്ര പ്രതിഭയെയും പരീക്ഷണാത്മക ചിന്തകളെയും നിരന്തരം പ്രോത്സാഹിപ്പിച്ച മെന്ററായിരുന്നു കെ. ബാലചന്ദര്‍.
സിനിമയ്ക്കുള്ളിലെ ആത്മബന്ധത്തിന്റെ ഏറ്റവും മനോഹരമായ ക്ലൈമാക്‌സ് ദൃശ്യമായത് 2015-ല്‍ പുറത്തിറങ്ങിയ 'ഉത്തമ വില്ലന്‍' എന്ന ചിത്രത്തിലായിരുന്നു. കെ. ബാലചന്ദര്‍ അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് തന്റെ പ്രിയശിഷ്യന്റെ ചിത്രത്തിന് വേണ്ടിയായിരുന്നു. ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ച മനോരഞ്ജന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഗുരുവായ 'മാര്‍ഗദര്‍ശി' എന്ന ചലച്ചിത്ര സംവിധായകനായി തന്നെയാണ് അദ്ദേഹം വേഷമിട്ടത്.
ജീവിതവും സിനിമയും തമ്മില്‍ വേര്‍തിരിക്കാനാകാത്ത വണ്ണം ലയിച്ചുചേര്‍ന്ന ആ രംഗങ്ങള്‍ പ്രേക്ഷകരുടെ കണ്ണുനിറയിക്കുന്നതായിരുന്നു. തമിഴ് സിനിമയെ ലോകവേദികളിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ മഹാമേരുവിന് ഇതിലും വലിയൊരു ഗുരുദക്ഷിണ നല്‍കാനില്ലെന്ന് കമല്‍ഹാസന്‍ തന്റെ ഓര്‍മക്കുറിപ്പിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കുന്നു.