

തമിഴകത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ കെ. ഭാഗ്യരാജിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയില്‍ അന്തരിച്ച അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തിലാണ് നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതിളോടെ ഭാഗ്യരാജിന് വിട നല്കിയത്.
അന്ത്യയാത്രയില്‍ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും സംവിധായകനുമായ പാര്‍ഥിപന്‍, നടന്‍ ശരത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഭൗതികശരീരം വഹിച്ചത്. വേര്‍പാടിന്റെ ദുഃഖത്തില്‍ തകര്‍ന്ന ഭാര്യ പൂര്‍ണിമ, മക്കളായ ശന്തനു, ശരണ്യ എന്നിവരെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ സിനിമാ-രാഷ്ട്രീയ മേഖലയിലെ വന്‍നിര തന്നെ നേരിട്ടെത്തിയിരുന്നു.
ശനിയാഴ്ച രാവിലെ പതിവു നടത്തത്തിനുശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് 73-കാരനായ ഭാഗ്യരാജ് അന്തരിച്ചത്. തമിഴ് സിനിമയിലെ 'തിരക്കഥകളുടെ രാജാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം അമ്പത് വര്‍ഷത്തോളമായി സിനിമാരംഗത്തു സജീവമായിരുന്നു.
സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ധനുഷ്, സുരേഷ് ഗോപി, നയന്‍താര, തൃഷ, കീര്‍ത്തി സുരേഷ്, സംവിധായകരായ അറ്റ്ലി, വെട്രിമാരന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ബോളിവുഡ് താരം അനില്‍ കപുറും പ്രൊഡ്യൂസര്‍ ബോണി കപുറും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ സുഹൃത്തിന് അനുശോചനം രേഖപ്പെടുത്തി. ഭാരതിരാജയുടെ സഹായിയായി കരിയര്‍ ആരംഭിച്ച ഭാഗ്യരാജ് 'മൗന ഗീതങ്ങള്‍', 'അന്ത 7 നാട്കള്‍', 'മുന്താണെ മുടിച്ച്' തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.