

തെന്നിന്ത്യന്‍ സിനിമയിലെ 'തിരക്കതൈ മന്നന്‍' എന്നറിയപ്പെടുന്ന ഇതിഹാസ സംവിധായകനും നടനുമായ കെ. ഭാഗ്യരാജിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി മോഹന്‍ലാല്‍. തമിഴ് സിനിമയ്ക്ക് അതിന്റെ ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടമായതെന്ന് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.
'ഭാഗ്യരാജ് സര്‍ അപൂര്‍വ പ്രതിഭയായിരുന്നു. തന്റെ ഹാസ്യവും, ഊഷ്മളതയും, ദീര്‍ഘവീക്ഷണവും കൊണ്ട് ഒരു തലമുറയിലെ സിനിമയെത്തന്നെ രൂപപ്പെടുത്തിയ ചലച്ചിത്രകാരനും, നടനും, കഥാകാരനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും, ആരാധകര്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി...'
മോഹന്‍ലാലും ഭാഗ്യരാജും ഒരുമിച്ച് സ്‌ക്രീന്‍ സ്‌പേസ് പങ്കുവെച്ചിട്ടില്ലെങ്കിലും, അവര്‍ക്കിടയില്‍ കൗതുകകരമായ പല സിനിമാ ബന്ധങ്ങളുമുണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തില്‍ നായികയായി എത്തിയത് ഭാഗ്യരാജിന്റെ പങ്കാളിയും പ്രശസ്ത നടിയുമായ പൂര്‍ണിമ ജയറാം ആയിരുന്നു. ഭാഗ്യരാജിന്റെ മകനായ ശന്തനു ഭാഗ്യരാജ് പ്രധാന വേഷത്തിലെത്തിയ 'എയ്ഞ്ചല്‍ ജോണ്‍' എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തിയിരുന്നു.
50 വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ 75-ലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും 25-ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഭാഗ്യരാജിന്റെ പെട്ടെന്നുള്ള വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നികത്താനാകാത്ത നഷ്ടമാണ്. മോഹന്‍ലാലിന് പുറമെ അമിതാഭ് ബച്ചന്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.