

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ ജന്മദിനാഘോഷങ്ങള്‍ക്കു മാറ്റു കൂട്ടാന്‍ 'ജില്ല' വീണ്ടും തിയേറ്ററുകളിലേക്ക്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ ദളപതി വിജയ്‌യും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ആരാധകരുടെ പ്രിയപ്പെട്ട 'ശിവനും ശക്തിയും' ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്തുമ്പോള്‍ തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ വരവേല്പാണ് ഒരുങ്ങുന്നത്. ജൂണ്‍ 19-ന് ആണ് ചിത്രത്തിന്റെ റീ-റിലീസ്.
'ജില്ല' റിലീസ് ചെയ്യുമ്പോൾ വിജയ് തമിഴകത്തെ സൂപ്പർതാരം മാത്രമായിരുന്നു. ആ സിനിമ വീണ്ടും തിയേറ്ററുകളിലെത്തുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രിക്കസേരയിലാണ് വിജയ്. ഒരു ഇന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രി നായകനാകുന്ന ചിത്രം എന്ന വിശേഷണം കൂടിയുണ്ടാകും റീ-റിലീസ് ചെയ്യപ്പെടുമ്പോൾ 'ജില്ല'യ്ക്ക്.
വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രം 'ജനനായകന്‍' ആയിരുന്നു. എന്നാല്‍, പൊങ്കല്‍ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് നിയമക്കുരുക്കുകളില്‍ അകപ്പെടുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് 'ജനനായകന്റെ' റിലീസ് മാറ്റിവെക്കേണ്ടി വന്നത്. ഇതില്‍ ആരാധകര്‍ക്ക് നേരിയ നിരാശയുണ്ടെങ്കിലും, പകരം മാസ് ക്ലാസിക് ചിത്രം 'ജില്ല' എത്തുന്നതോടെ തിയേറ്ററുകള്‍ വീണ്ടും ആവേശക്കടലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
2014ല്‍ ആര്‍. ടി. നേസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ജില്ല' ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് കൈവരിച്ചത്. ചിത്രത്തിലെ 'ശിവന്‍-ശക്തി' കോമ്പിനേഷന്‍ സീനുകളും പാട്ടുകളും തിയേറ്ററുകളില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്. സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി. ചൗധരിയാണ് ചിത്രം നിര്‍മിച്ചത്.
സമീപകാലത്ത് റീ-റിലീസ് ചെയ്ത വിജയ് ചിത്രങ്ങളായ 'ഗില്ലി', 'പോക്കിരി' എന്നിവ തിയേറ്ററുകളില്‍ കോടികളാണ് വാരിക്കൂട്ടിയത്. പല പുതിയ ചിത്രങ്ങളെയും പിന്നിലാക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഈ ക്ലാസിക് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ, കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ റീ-റിലീസിനൊരുങ്ങുന്ന 'ജില്ല'യ്ക്കും സമാനമായ വരവേല്പ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.