

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരിലൊരാളായ മാളവിക മോഹനന്‍, താന്‍ അഭിനയജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്ന അച്ചടക്കത്തെയും പ്രൊഫഷണലിസത്തെയുംകുറിച്ച് പങ്കുവച്ച വിശേഷങ്ങള്‍ ശ്രദ്ധേയമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ദളപതി വിജയ്, മോഹന്‍ലാല്‍, രജനികാന്ത് എന്നിവരില്‍നിന്നാണ് സമയനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിച്ചതെന്നു താരം വെളിപ്പെടുത്തി.
ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാളവിക തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. 'മാസ്റ്റര്‍' എന്ന ചിത്രത്തില്‍ വിജയ്‌യോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം തന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചതായി താരം പറഞ്ഞു. എത്ര വലിയ താരപദവിയിലാണെങ്കിലും സെറ്റിലെത്തുന്നതിലെ കൃത്യനിഷ്ഠയും മറ്റുള്ളവരോടുള്ള പെരുമാറ്റവും യുവതാരങ്ങള്‍ക്കു വലിയ പാഠമാണെന്ന് മാളവിക ഓര്‍മിച്ചു. പ്രശസ്തി ഒരിക്കലും വ്യക്തിജീവിതത്തെയോ, ജോലിയിലെ അച്ചടക്കത്തെയോ ബാധിക്കരുതെന്ന വലിയ സത്യം വിജയ്‌യിലൂടെയാണ് താന്‍ മനസിലാക്കിയതെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
വിജയ്‌യില്‍നിന്ന് അച്ചടക്കം പഠിച്ചപ്പോള്‍, നടന്‍ ധനുഷില്‍ നിന്നാണ് കാമറയ്ക്കു മുന്നിലെ അഭിനയത്തിന്റെ സൂക്ഷ്മതകള്‍ താന്‍ മനസിലാക്കിയതെന്ന് മാളവിക വ്യക്തമാക്കി. വികാരങ്ങള്‍ എങ്ങനെ കൃത്യമായി കാമറയ്ക്കു മുന്നില്‍ പ്രതിഫലിപ്പിക്കണമെന്നും ഐ-എക്‌സ്പ്രഷനുകളുടെ പ്രാധാന്യവും ധനുഷ് തനിക്കു പകര്‍ന്നുനല്‍കി. ഒരു ഇമോഷണല്‍ സീനില്‍ അഭിനയിക്കുമ്പോള്‍ ധനുഷ് നല്‍കിയ നിര്‍ദേശം ആ സീന്‍ മികച്ചതാക്കാന്‍ സഹായിച്ചതായും താരം ഓര്‍ത്തെടുത്തു.
മാളവിക മോഹനന്‍ കരിയറില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണിത്. ജനുവരിയില്‍ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം 'ദി രാജാ സാബ്'ലൂടെ തെലുങ്ക് സിനിമാലോകത്തും മാളവിക ചുവടുറപ്പിച്ചു. വിക്രം നായകനായ 'തങ്കലാന്‍' എന്ന ചിത്രത്തിലെ തീക്ഷ്ണമായ പ്രകടനം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിലും തരംഗമാണ്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച 'ഹൃദയപൂര്‍വം' എന്ന കുടുംബചിത്രം മലയാളികള്‍ക്കിടയിലും വലിയ സ്വീകാര്യത നേടി. കാര്‍ത്തിയോടൊപ്പമുള്ള 'സര്‍ദാര്‍ 2', 'പോക്കറ്റ് നോവല്‍' എന്നിവയാണ് മാളവികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.