'ദളപതിയിൽ അരവിന്ദ് സ്വാമിയുടെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ': വെളിപ്പെടുത്തി ജയറാം

ജയറാം
ജയറാംഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

മലയാള സിനിമയിൽ ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നടനാണ് ജയറാം. മറ്റു ഭാഷകളിലടക്കം സജീവമായ താരം മുമ്പ് തനിക്ക് നഷ്ടമായ വലിയ അവസരത്തെക്കുറിച്ച് മനസുതുറന്നതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മണിരത്നത്തിന്‍റെ സംവിധാനത്തിൽ 1991-ൽ പുറത്തിറങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക്കുകളിലൊന്നായി മാറിയ 'ദളപതി' എന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി അവതരിപ്പിച്ച 'അർജുൻ കൃഷ്ണമൂർത്തി' എന്ന ശക്തമായ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്നാണ് ജയറാം പറയുന്നത്.

Must Read
ആ ചിരിക്ക് പിന്നിലെ കണ്ണീര്‍ക്കടൽ; ഉര്‍വശിയുടെ കാല്‍ തൊട്ടുതൊഴുത് ജയറാം
ജയറാം

ഒരഭിമുഖത്തിലാണ് താൻ വേണ്ടെന്നുവെച്ച സൂപ്പർഹിറ്റ് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ജയറാമിന്‍റെ വെളിപ്പെടുത്തൽ. 'ദളപതി'യിലെ ആ വേഷത്തിനായി മമ്മൂക്കയാണ് എന്നെ ആദ്യം വിളിക്കുന്നത്. തുടർന്ന് ഞാൻ മണിരത്നം സാറിന്‍റെ ഓഫീസിൽ പോയി സംസാരിച്ചു. എന്നാൽ രജനികാന്ത് സാറും മമ്മൂക്കയും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങൾ ചിത്രീകരിക്കാനായി തുടർച്ചയായി മൂന്നുമാസത്തെ ഡേറ്റാണ് അവർ ആവശ്യപ്പെട്ടത്. ഈ മൂന്നുമാസത്തിനിടയിൽ എപ്പോഴൊക്കെയാണ് എന്‍റെ ഷൂട്ടിങ് വരിക എന്ന് കൃത്യമായ ഉറപ്പില്ലായിരുന്നു. ആ സമയത്ത് മലയാളത്തിൽ ഒട്ടനവധി ചിത്രങ്ങളുടെ കരാറുകളിൽ ഏർപ്പെട്ടിരുന്നതുകൊണ്ട് എനിക്ക് ഡേറ്റ് നൽകാൻ സാധിച്ചില്ല. അങ്ങനെയാണ് ആ സിനിമ കൈവിട്ടുപോയത്'-ജയറാം പറഞ്ഞു.

'ദളപതി'യിൽ മമ്മൂട്ടിയും രജനികാന്തും
'ദളപതി'യിൽ മമ്മൂട്ടിയും രജനികാന്തുംകടപ്പാട്-ഐഎംഡിബി

അക്കാലത്ത് മലയാള സിനിമയിൽ നിലനിന്നിരുന്ന കർശനമായ പ്രൊഡക്ഷൻ കരാറുകൾ മൂലമാണ് ജയറാമിന് ഈ ബിഗ് ബജറ്റ് തമിഴ് ചിത്രം നഷ്ടമായത്. എന്നാൽ, അമ്മയും മകനും തമ്മിലുള്ള വൈകാരികതയും സഹോദരബന്ധവും പശ്ചാത്തലമാക്കിയ ആ വേഷം പിന്നീട് അരവിന്ദ് സ്വാമിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച തുടക്കമായി മാറുകയും ചെയ്തു.

മുമ്പ് രജനികാന്തിന്‍റെ 'മുത്തു' എന്ന ചിത്രത്തിലും ജയറാമിന് ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ കഥാപാത്രത്തിന്‍റെ ഭാഗമായി രജനികാന്തിനെ അടിക്കേണ്ട ഒരു രംഗം ചിത്രത്തിലുണ്ടായിരുന്നുവെന്നും, സൂപ്പർതാരത്തിന്‍റെ ആരാധകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഭയന്നാണ് ആ വേഷം നിരസിച്ചതെന്നും ജയറാം നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

'ദളപതി'യിൽ അരവിന്ദ് സ്വാമി
'ദളപതി'യിൽ അരവിന്ദ് സ്വാമികടപ്പാട്-ഐഎംഡിബി

നേരത്തെ, സൂപ്പർഹിറ്റ് ചിത്രം 'ട്വന്‍റി-20'യുടെ ക്ലൈമാക്സ് രംഗങ്ങളിൽനിന്ന് താരം വിട്ടുനിന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദളപതിയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലും വന്നിരിക്കുന്നത്.

Pappappa
pappappa.com