

തമിഴകത്തിന്റെ 'ജനനായകൻ' വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുൻപുള്ള അവസാന ചിത്രവുമായി എത്തുമ്പോൾ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്. റിലീസിന് മുമ്പേ റെക്കോഡുകൾ തകർക്കുന്ന പ്രഭാവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ബുക്കിങ് പ്ലാറ്റ്ഫോമുകളിലും ദൃശ്യമാകുന്നത്.
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും, പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിൽ പത്തു ലക്ഷത്തിലധികം ആളുകളാണ് സിനിമയോടു താത്പര്യം പ്രകടിപ്പിച്ചത്. സമീപകാലത്തൊന്നും ഒരു തെന്നിന്ത്യൻ സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണിത്. സിനിമ എന്നു തിയറ്ററിലെത്തിയാലും ആദ്യദിനം തന്നെ തങ്ങൾ അവിടെയുണ്ടാകുമെന്ന് ദളപതി ആരാധകർ അടിവരയിട്ടു പറയുന്നു.
ജനുവരി 9ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന് നിലവിൽ സെൻസർ ബോർഡിന്റെ ക്ലിയറൻസ് ലഭിക്കാത്തതാണ് റിലീസ് വൈകാൻ കാരണം. സെൻസർ ബോർഡ് സിനിമ റിവൈസിങ് കമ്മിറ്റിക്ക് വിട്ടതോടെ അനിശ്ചിതത്വം ഉടലെടുക്കുകയായിരുന്നു. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മദ്രാസ് ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.
'ജനനായകൻ' വെറുമൊരു സിനിമയല്ല, അതൊരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണെന്നാണ് ആരാധകലോകത്തെ പൊതുസംസാരം. ജനുവരി 20ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയുടെ ഹർജി പരിഗണിക്കും. ഈ വിധി അനുസരിച്ചായിരിക്കും സിനിമയുടെ പുതിയ റിലീസ് തീയതി തീരുമാനിക്കുക. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനു ശേഷമുള്ള വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ, സിനിമയിലെ ഓരോ സംഭാഷണവും തമിഴകത്തെ ഇളക്കിമറിക്കുമെന്നും വലിയ രാഷ്ട്രീയ വിചാരണ ഉണ്ടാകുമെന്നാണ് സംസാരം.
വിജയ്‌യുടെ എതിരാളികൾ ഇതിനെയെല്ലാം ഭയക്കുന്നതായും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കം ചോർത്തിയിരുന്നതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. നിയമകുരുക്കുകൾ അഴിഞ്ഞാൽ, ബോക്‌സ് ഓഫീസിൽ 'ജനനായകൻ' പുതിയ ചരിത്രം കുറിക്കുമെന്നാണ് തമിഴകം പറയുന്നത്.