ജനനായകനെ കൈവിട്ട് സുപ്രീം കോടതി, ഇനി പ്രതീക്ഷ മദ്രാസ് ഹൈക്കോടതിയില്‍

'ജനനായകൻ' പോസ്റ്ററിൽ വിജയ്
'ജനനായകൻ' പോസ്റ്ററിൽ വിജയ്അറേഞ്ച്ഡ്
Published on

തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജനനായകന്‍' റിലീസിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജനുവരി 20ന് കേസ് പരിഗണിക്കാനിരിക്കെ, ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Must Read
'ജനനായകന്‍' കോടതിയില്‍; 'തെരി'യും പിന്‍വാങ്ങി: നിരാശയില്‍ വിജയ് ആരാധകര്‍
'ജനനായകൻ' പോസ്റ്ററിൽ വിജയ്

ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. ജനുവരി 20ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കേസില്‍ അന്തിമ തീരുമാനം എടുക്കും. ഹൈക്കോടതി വിധി അനുകൂലമായാല്‍ മാത്രമേ ജനുവരി അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയുകയുള്ളൂ. വിധി എതിരാണെങ്കില്‍ നിര്‍മാതാക്കള്‍ക്കു വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും.

'ജനനായകൻ' ഓഡിയോ ലോഞ്ച് ടീസറിൽ വിജയ്
'ജനനായകൻ' ഓഡിയോ ലോഞ്ച് ടീസറിൽ വിജയ്സ്ക്രീൻ​ഗ്രാബ്

സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകുന്നതിനെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. സിംഗിള്‍ ബെഞ്ച് അതിവേഗത്തില്‍ വിധി പ്രസ്താവിച്ചതിനെ കോടതി വിമര്‍ശിച്ചു. ജനുവരി ആറിന് ഫയല്‍ ചെയ്ത കേസില്‍ ഏഴിനുതന്നെ വാദം കേട്ട് ഒമ്പതിന് വിധി പറഞ്ഞ രീതി ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന സീനുകളും സൈന്യത്തെ തെറ്റായി ചിത്രീകരിക്കുന്ന ഭാഗങ്ങളും സിനിമയിലുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുകയും 5000-ത്തോളം തിയേറ്ററുകള്‍ ബുക്ക് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു.

'ജനനായകനി'ൽ വിജയ് ആലപിച്ച ​ഗാനത്തിന്റെ പോസ്റ്റർ
'ജനനായകനി'ൽ വിജയ് ആലപിച്ച ​ഗാനത്തിന്റെ പോസ്റ്റർഅറേഞ്ച്ഡ്

തമിഴക വെട്രി കഴകം രൂപീകരിച്ച ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകന്‍'. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ ഹൈപ്പാണ് ചിത്രത്തിനുള്ളത്. റിലീസ് വൈകുന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം നിയമക്കുരുക്കുകള്‍ അഴിച്ച് കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണു ചലച്ചിത്രലോകം.

Related Stories

No stories found.
Pappappa
pappappa.com