

തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ വിജയ് യുടെ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ചിത്രം 'ജനനായകന്‍' ജൂലായ് 23-ന് തിയേറ്ററുകളിലെത്തും. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങളും നിയമപോരാട്ടങ്ങളും കാരണം ആറുമാസത്തോളമായി നീണ്ടുപോയ റിലീസ് തിയതിയാണ് ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളം ജൂലായ് 23-ന് റിലീസ് ചെയ്യുന്ന ചിത്രം തൊട്ടടുത്ത ദിവസമായ ജൂലായ് 24-നാകും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുക.
'തീയില്‍ കുരുത്തത്, കാലത്താല്‍ രൂപപ്പെട്ടത്, ചരിത്രത്തിനായി നിര്‍മിക്കപ്പെട്ടത്; പോരാട്ടം കടുപ്പമേറിയതാകുമ്പോള്‍ വിജയത്തിന്റെ ഗാംഭീര്യവും കൂടും...' എന്ന അടിക്കുറിപ്പോടെയാണ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് എക്സിലൂടെ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്. വിജയ് യും ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ ജനുവരി ഒമ്പതിന് പൊങ്കല്‍ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ കര്‍ശന നിലപാടുകളെത്തുടര്‍ന്നാണ് വൈകിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് റിലീസിനുള്ള തടസങ്ങള്‍ നീങ്ങിയത്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ 'ജനനായകന്' പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും രാവിലെ ഒമ്പതിനായിരിക്കും ആദ്യ പ്രദര്‍ശനം ആരംഭിക്കുകയെന്നും സിനിമാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ അഞ്ചിന് തന്നെ ഫാന്‍സ് ഷോ ആരംഭിക്കും. ഇതിനുപുറമെ യുകെയിലെ തിയേറ്ററുകളില്‍ യാതൊരുവിധ കട്ടുകളും ഇല്ലാത്ത ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുകയെന്നും വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ന്‍മെന്റ് അറിയിച്ചിട്ടുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയില്‍ പൂജ ഹെഗ്ഡെയാണ് നായിക. ബോബി ഡിയോള്‍, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നരേന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വിജയ് യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന 'ജനനായകനെ' വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍.