

തമിഴ് ചലച്ചിത്ര ലോകത്തെ റിയലിസ്റ്റിക് സിനിമകളുടെ വക്താവും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കു ഗ്രാമീണ സൗന്ദര്യത്തിന്റെ പുതിയ ദൃശ്യഭാഷ സമ്മാനിച്ച അദ്ദേഹം മികച്ചൊരു നടന്‍ കൂടിയായിരുന്നു.
മോഹന്‍ലാല്‍ ഹിറ്റ് സിനിമ 'തുടരും' എന്ന ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്റര്‍ പളനി സ്വാമി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഒടുവിലായി വെള്ളിത്തിരയിലെത്തിയത്. 'ആയുധ എഴുത്ത്', 'പാണ്ഡ്യനാട്', 'ഈശ്വരന്‍', 'തിരുച്ചിത്രമ്പലം', 'മഹാരാജ' തുടങ്ങി ഇരുപതിലധികം ചിത്രങ്ങളില്‍ നടനായും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
1941 ജൂലൈ 17-നാണ് ഭാരതിരാജയുടെ ജനനം. 1977-ല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ 'പതിനാറ് വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സ്വയം തിരക്കഥയെഴുതിയ ഈ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.
തുടര്‍ന്ന് തമിഴ് സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിറന്നു. കിഴക്കേ പോകും റെയില്‍, സിഗപ്പ് റോജാക്കള്‍, പുതിയ വാര്‍പ്പുകള്‍, നിറം മാറാത്ത പൂക്കള്‍, അലൈകള്‍ ഓയ്വതില്ലൈ, ടിക് ടിക് ടിക്, മന്‍ വാസനൈ, കിഴക്ക് ചീമയിലെ തുടങ്ങിയവ തമഴികത്തെ വമ്പന്‍ ഹിറ്റുകളായിരുന്നു.
ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹത്തെ 2004-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരളവുമായുള്ള അടുത്ത ബന്ധത്തിന്റെ ഭാഗമായി 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കരിയറില്‍ വിജയങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും വ്യക്തിജീവിതത്തില്‍ കടുത്ത ആഘാതങ്ങളെയാണ് അദ്ദേഹത്തിന് ഒടുവില്‍ നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മകന്‍ മനോജ് ഭാരതിരാജ ഹൃദയാഘാതത്തെ തുടര്‍ന്ന് അകാലത്തില്‍ മരണമടഞ്ഞിരുന്നു. മകന്റെ വേര്‍പാട് ഭാരതിരാജയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നതായും ആ വിയോഗം അദ്ദേഹത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ ജയരാജ് പെരിയമയത്തേവര്‍ വെളിപ്പെടുത്തിയിരുന്നു.
തമിഴ് സിനിമയിലെ ഒരു വലിയ യുഗത്തിനാണ് ഭാരതിരാജയുടെ വിടവാങ്ങലോടെ തിരിശീല വീഴുന്നത്. ചലച്ചിത്ര-സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.