

തെന്നിന്ത്യൻ താരം ധനുഷും നടി മൃണാൾ ഠാക്കൂറും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള ഗോസിപ്പുകൾക്ക് ഒടുവിൽ തിരശീല വീഴുന്നു. മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോടു രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് മൃണാൾ. തനിക്ക് ഇപ്പോൾ പ്രണയിക്കാൻ പോയിട്ടു സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ പോലും സമയമില്ലെന്ന് മൃണാൾ തുറന്നടിച്ചു.
'എന്റെ സിനിമകൾ റിലീസിനൊരുങ്ങുമ്പോൾ ഇത്തരം വാർത്തകൾ വരുന്നതു പ്രയാസകരമാണ്. ലിഗ്മെന്റിനു പരിക്കേറ്റിട്ട് അതു ചികിത്സിക്കാൻ പോലും എനിക്കു സമയം കിട്ടിയിട്ടില്ല, പിന്നെയാണു പ്രണയം! പെഴ്സണൽ ലൈഫിനേക്കാൾ എന്റെ കരിയറിലൂടെ അറിയപ്പെടാനാണു ഞാൻ ആഗ്രഹിക്കുന്നത്.'-മൃണാൾ വ്യക്തമാക്കി. സിനിമയുടെ പ്രചാരണത്തിനായി താൻ തന്നെ പടച്ചുവിടുന്ന വാർത്തകളാണിതെന്ന് ആളുകൾ കരുതാതിരിക്കാൻ ഇപ്പോൾ ഒരു പ്രത്യേക ടീമിനെ തന്നെ നിയമിക്കേണ്ടി വന്നതായും മൃണാൾ കൂട്ടിച്ചേർത്തു.
നേരത്തെ ചില സിനിമാചടങ്ങുകളിൽ ധനുഷിനൊപ്പം മൃണാൾ പങ്കെടുത്തതിന്റെ വീഡിയോ വൈറലായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പടർന്നത്. പ്രണയത്തിലാണെങ്കിൽ അതു ലോകത്തോടു വിളിച്ചുപറയാൻ മടിയുള്ള ആളല്ല താനെന്നും, തന്റെ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണെന്നും താരം പറഞ്ഞു. 'സീതാ രാമം' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ കൂടി പ്രിയങ്കരിയായി മാറിയ മൃണാൾ, അദിവി ശേഷിനൊപ്പമുള്ള 'ഡെക്കോയിറ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണിപ്പോൾ.