

തമിഴ് സിനിമാലോകത്തുനിന്ന് ബോളിവുഡിലും ഹോളിവുഡിലും വരെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ധനുഷ്. എത്ര ഉയരങ്ങളിൽ എത്തിയാലും മാതൃഭാഷയോടും ജനിച്ച നാടിനോടുമുള്ള സ്നേഹം താരം എപ്പോഴും കാത്തുസൂക്ഷിക്കാറുണ്ട്. അടുത്തിടെ ചെന്നൈ സാലിഗ്രാമിലുള്ള തന്റെ പഴയ വിദ്യാലയമായ തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ എത്തിയ ധനുഷ് വിദ്യാർഥികളോട് പങ്കുവച്ച വിഷയങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ വൃത്തങ്ങളിലും വലിയ ചർച്ചയാകുന്നത്. ഇംഗ്ലീഷ് പഠിക്കുന്നതിനു മുമ്പ് സ്വന്തം മാതൃഭാഷയായ തമിഴ് വ്യക്തമായി സംസാരിക്കാനും എഴുതാനും വായിക്കാനും പഠിക്കണമെന്ന ശക്തമായ സന്ദേശമാണ് താരം കുട്ടികൾക്കു നൽകിയത്.
തന്റെ സ്കൂൾ കാലഘട്ടത്തെയും ഇപ്പോഴത്തെ തലമുറയുടെ ചിന്താഗതികളെയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ധനുഷിന്റെ പ്രസംഗം. 'ഞങ്ങൾ പഠിച്ചിരുന്ന കാലത്ത് എല്ലാവർക്കും തമിഴ് നന്നായി അറിയാമായിരുന്നു, എന്നാൽ ഇംഗ്ലീഷ് പറയാനായിരുന്നു ബുദ്ധിമുട്ട്. ഇന്നു കാര്യങ്ങൾ നേരെ തിരിച്ചാണ്. ഞാൻ കാണുന്ന പത്ത് വിദ്യാർഥികളിൽ എട്ടു പേർക്കും സ്വന്തം മാതൃഭാഷ വായിക്കാനോ എഴുതാനോ അറിയാത്ത അവസ്ഥയാണുള്ളത്. തമിഴ് സംസാരിക്കാൻ അറിയില്ല എന്ന് പറയുന്നത് പലരും വലിയ അഭിമാനത്തോടെയാണ് പറയുന്നത്. എന്നാൽ അത് അഭിമാനമല്ല, വലിയ നാണക്കേടാണ്. ഇതു കാണുമ്പോൾ എനിക്ക് വലിയ സങ്കടം തോന്നാറുണ്ട്...'-ധനുഷ് തുറന്നുപറഞ്ഞു.
തന്റെ അന്താരാഷ്ട്ര സിനിമാ അനുഭവവും മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കാൻ താരം വേദിയിൽ പങ്കുവച്ചു. വർഷങ്ങൾക്ക് മുമ്പ് ഫ്രഞ്ച് സിനിമയുടെ ചിത്രീകരണത്തിനായി ബെൽജിയത്തിൽ പോയപ്പോൾ ഉണ്ടായ സംഭവമാണ് ധനുഷ് ഓർത്തെടുത്തത്. തനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെന്ന് കണ്ടപ്പോൾ അവിടുത്തെ വിദേശികളായ അണിയറപ്രവർത്തകർ അദ്ഭുതപ്പെട്ടു. സ്വന്തം മാതൃഭാഷ അറിഞ്ഞിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും, ഇംഗ്ലീഷ് അറിഞ്ഞിരിക്കുന്നത് ഒരു അധിക യോഗ്യത (ബോണസ്) മാത്രമാണെന്നുമാണ് അവർ അന്നു തന്നോട് പറഞ്ഞതെന്ന് ധനുഷ് ചൂണ്ടിക്കാട്ടി. അതിനാൽ മറ്റു ഭാഷകൾ പഠിക്കുന്നതിന് മുൻപ് മാതൃഭാഷയിൽ പ്രാവീണ്യം നേടാൻ താരം കുട്ടികളോട് അഭ്യർഥിച്ചു.
വെറുമൊരു അതിഥിയായി പ്രസംഗിച്ച് മടങ്ങുക മാത്രമായിരുന്നില്ല താരം ചെയ്തത്, താൻ പഠിച്ച സ്കൂളിനോടുള്ള വലിയൊരു കടപ്പാട് വീട്ടാനും ധനുഷ് മറന്നില്ല. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി നിർമിച്ച പുതിയ മൂന്നു നില കെട്ടിടത്തിന്റെ മുഴുവൻ ചെലവുകളും വഹിച്ചത് ധനുഷ് ആണ്. പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ തന്റെ പഴയ അധ്യാപകരെ നേരിൽ കാണാനും അവരുടെ അനുഗ്രഹം വാങ്ങാനും ധനുഷ് സമയം കണ്ടെത്തി.