

ഇന്ത്യൻ സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ധനുഷ്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ എല്ലാ വീടുകളിലും പരിചിതമായ പേരായി മാറിയ താരം. സാമൂഹിക അസമത്വവും അടിച്ചമർത്തലും പ്രമേയമാക്കിയ നിരവധി ചിത്രങ്ങളിലൂടെയാണ് ധനുഷ് കരിയറിൽ ശ്രദ്ധേയമായ സ്ഥാനം സ്വന്തമാക്കിയത്.
പിന്നീട് സംവിധാനത്തിലേക്കും ചുവടുവച്ച ധനുഷ്, പുതിയ തലമുറയിലെ ശ്രദ്ധേയ താരനായകനെന്ന നിലയിലും തന്റേതായ ഇടം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ധനുഷിന്റെ വരാനിരിക്കുന്ന സിനിമകളുടെ കഥാപശ്ചാത്തലത്തെച്ചൊല്ലിയാണ് കോളിവുഡിൽ ചർച്ച.ഭക്തിപശ്ചാത്തലമുള്ള സിനിമകളിലേക്ക് ധനുഷ് കൂടുതൽ ശ്രദ്ധ തിരിക്കുന്നതായാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.
വെട്രിമാരനൊപ്പം ധനുഷ് ഒന്നിക്കുന്ന പുതിയ ചിത്രം ഹിന്ദു ദൈവമായ മുരുകന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 'തമിഴ് മുരുകൻ' എന്നുപേരിട്ട ചിത്രംവലിയ പ്രഖ്യാപനത്തോടെയാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചത്. ദൈവവിശ്വാസത്തെ സാധാരണയായി തന്റെ സിനിമകളിൽ ശക്തമായി അവതരിപ്പിക്കാത്ത സംവിധായകനാണ് വെട്രിമാരൻ എന്നതിനാൽ തന്നെ ഈ കൂട്ടുകെട്ടിലെ ചിത്രം ഏറെ കൗതുകമുണർത്തുന്നതാണ്.
ഇതിന് പിന്നാലെ ‘ലബ്ബർ പന്ത്’ സംവിധായകൻ തമിഴരശൻ പച്ചമുത്തുവിനൊപ്പവും ധനുഷ് പുതിയ ചിത്രത്തിൽ ഒന്നിക്കുകയാണ്. സിതാര എന്റർടെയ്ൻമെന്റ്സും പ്രൈമാർക്ക് പ്രൊഡക്ഷൻസും ചേർന്നാണ് 'ഡി 56' എന്ന് താത്കാലികമായി പേരിട്ട ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും പൂജയുടെ ചിത്രങ്ങളിലെ സൂചനകൾ പ്രകാരം ഇതും ഭക്തിപശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ.
ക്ഷേത്രത്തിന്റെ വാതിലുകൾ ഉൾപ്പെടുന്ന പോസ്റ്റർ ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുമുണ്ട്. ഇതോടെയാണ് സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. ശിവഭക്തനായ ധനുഷ് ഭക്തിയുടെ സ്പർശമുള്ള സിനിമകളിലേക്ക് ശ്രദ്ധ തിരിക്കുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
'ഡി 56' ചിത്രത്തിൽ എസ്.ജെ. സൂര്യ, വടിവേലു, പ്രീതി മുകുന്ദൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഭക്തിപശ്ചാത്തലത്തിലുള്ള ഈ പുതിയ സിനിമകളിലൂടെ ധനുഷ് പുതിയൊരു പരീക്ഷണത്തിനാണ് ഒരുങ്ങുന്നതെന്നാണ് സിനിമാ ലോകത്തെ ചർച്ച. എന്നാൽ ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമായിരിക്കുമെന്നും സിനിമകൾക്ക് ഭക്തിയുമായി ബന്ധമൊന്നും ഉണ്ടാകില്ലെന്നും പറയുന്നവരുണ്ട്.
ധനുഷിന്റെ അടുത്ത റിലീസായ 'ഓം'ചാപ്റ്റര്‍ 1 - ഉധിരം : ദി ബ്ലഡ് വുഡ് ഭക്തിയുമായി ബന്ധമുള്ള കഥയൊന്നുമല്ലെങ്കിലും അതിലും ചിലർ ധനുഷിന്റെ ഭക്തിപ്രേമം കണ്ടെത്തുന്നുണ്ട്. 'ഓം' എന്ന പേരുതന്നെ അതിൽ പ്രധാനം. ചിത്രത്തിന്റെ റിലീസ് മാറ്റിക്കൊണ്ടുള്ള അറിയിപ്പ് ധനുഷ് അവസാനിപ്പിച്ചതും 'ഓം നമ:ശിവായ' എന്ന വാചകത്തിലായിരുന്നു!