

തമിഴകത്തിന്റെ സൂപ്പര്‍താരം ധനുഷിന്റെ അടുത്ത ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 'അമരന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന 'ഓം' എന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ താരത്തിന്റെ അമ്പത്തിയാറാമത്തെ ചിത്രമായ 'ഡി56'- ന്റെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 'ലബ്ബര്‍ പന്ത്' എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ തമിഴരശന്‍ പച്ചമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ധനുഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ എന്തെങ്കിലും അപ്ഡേറ്റുകള്‍ പുറത്തുവരുമോ എന്ന് ഒരു ആരാധകന്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ സംവിധായകനോട് ചോദിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ യാതൊരു അപ്ഡേറ്റും പ്രതീക്ഷിക്കേണ്ടതില്ലെന്ന രസകരമായ മറുപടിയാണ് തമിഴരശന്‍ നല്‍കിയത്. 'ഡി55' അഥവാ 'ഓം' എന്ന സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രമേ തന്റെ ചിത്രത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
വേണമെങ്കില്‍ അന്ന് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ ആരാണെന്ന വിവരം പങ്കുവെക്കാമെന്നും, നിലവില്‍ തന്റെ പക്കല്‍ അത്രമാത്രമേ ഉള്ളൂ എന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു. നേരത്തെ മറ്റൊരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ വീരമണി ഗണേശന്‍ ആണെന്ന് അദ്ദേഹം ഇതേ രീതിയില്‍ വെളിപ്പെടുത്തിയിരുന്നു.
നിലവില്‍ 'ഡി56' എന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും ചിത്രത്തിന്റേതെന്നാണ് സൂചന. അടുത്തിടെ ഗ്രാമീണ ക്ഷേത്രത്തില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ലൊക്കേഷന്‍ തേടിയുള്ള യാത്രകൾ ആരംഭിച്ചതായി സൂചന നല്കിയിരുന്നു. വിജയകുമാര്‍, രുക്മിണി വസന്ത് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പരക്കുന്നുണ്ട്.
അതേസമയം ധനുഷിന്റെ 'ഓം- ചാപ്റ്റര്‍ വണ്‍ ഉധിരം' എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം മലേഷ്യയില്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 16ന് തിയേറ്ററുകളില്‍ എത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, നസീറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ്, ശ്രീലീല, സായ് പല്ലവി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. ഇത് കൂടാതെ മാരി സെല്‍വരാജ്, വെട്രിമാരന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ധനുഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.