
രജനികാന്തിന്റെ പവർഹൗസ് പ്രകടനവുമായി ലോകേഷ് കനകരാജ് ചിത്രം 'കൂലി'യുടെ ട്രയിലർ പുറത്ത്. കാത്തിരിക്കുന്ന ആരാധകരിൽ ആവേശം നിറയ്ക്കുന്ന നിമിഷങ്ങളാണ് ഇതിൽ നിറയെ. ഒരുമണിക്കൂർ കൊണ്ട് 1.4മില്യൺ പേരാണ് ട്രയിലർ കണ്ടത്. സൗബിൻ ഷാഹിർ പ്രധാനകഥാപാത്രങ്ങളിലൊന്നാണെന്ന സൂചനയും ട്രെയിലറിലുണ്ട്.
നാഗാർജുന,ഉപേന്ദ്ര,സത്യരാജ്, ആമിർ ഖാൻ, ശ്രുതി ഹാസൻ തുടങ്ങിയവരെല്ലാം ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നു. മലയാളിയായ ഗിരീഷ് ഗംഗാധരന്റെ ഉജ്വല ഫ്രെയിമുകളാണ് മറ്റൊരു ആകർഷണം. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. രജനിയുടെ അഭിനയജീവിതത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും 'കൂലി'യെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.
തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. രജനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിര്‍മിച്ചത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ഓഗസ്റ്റ് 14ന് ആണ് ചിത്രം തീയറ്ററിലെത്തുന്നത്. പത്താംതീയതി ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്നാണ് വിവരം. ജിസിസിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്എം അസോസിയേറ്റ്‌സ് ആണ് കൂലി കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.