

തമിഴ് ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ വെള്ളിത്തിരയിലെത്തിച്ച് ഇന്ത്യന്‍ സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ സംവിധായകനും നടനുമായിരുന്നു ഭാരതിരാജ. സൂപ്പര്‍താരം രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍, സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ ഭാരതിരാജ എപ്പോഴും താങ്ങായി നിന്നിരുന്ന കാര്യം ഓര്‍മിച്ചു.
സിനിമയ്ക്കപ്പുറം തമിഴ് ജനതയുടെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ശക്തമായ നിലപാടുകളുള്ള പോരാളി കൂടിയായിരുന്നു അദ്ദേഹം. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ് ജനതയോടു കാണിച്ച അനീതിക്കെതിരെ കേന്ദ്ര സര്‍ക്കാരിനു തനിക്കു ലഭിച്ച 'പത്മശ്രീ' പുരസ്‌കാരം തിരികെ നല്‍കി അദ്ദേഹം പ്രതിഷേധിച്ചത് അക്കാലത്തു വലിയ വാര്‍ത്തയായിരുന്നു.
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട 2009-ല്‍, അവിടെയുള്ള തമിഴ് ജനതയ്ക്കായി ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭാരതിരാജയുടെ നേതൃത്വത്തില്‍ തമിഴ് സിനിമാലോകം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ചെന്നൈയിലെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ 'ഫിലിം ഇന്‍ഡസ്ട്രി തമിഴ് ഈഴം സപ്പോര്‍ട്ട് മൂവ്മെന്റ്' നടത്തിയ നിര്‍ണായക യോഗത്തിലാണ് തനിക്കു ലഭിച്ച ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ 'പത്മശ്രീ' തിരികെ നല്‍കാന്‍ ഭാരതിരാജ തീരുമാനിക്കുന്നത്.
യോഗത്തില്‍ ഭാരതിരാജ വികാരാധീനനായി, 'ഈ പുരസ്‌കാരം നമ്മള്‍ എറിഞ്ഞുടയ്ക്കണോ അതോ തല്ലിപ്പൊളിക്കണമോ..?' എന്ന് ചോദിച്ചപ്പോള്‍ 'തല്ലിപ്പൊളിക്കൂ...' എന്നാണ് ജനക്കൂട്ടം വിളിച്ചുപറഞ്ഞത്. എന്നാല്‍ സംവിധായകന്‍ ചേരന്‍ ഇടപെട്ട്, പുരസ്‌കാരം കേന്ദ്ര സര്‍ക്കാരിന് ഔദ്യോഗികമായി തിരികെ നല്‍കാം എന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഈ ബഹുമതി കേന്ദ്രത്തിന് മടക്കിനല്‍കുകയായിരുന്നു.
സംവിധായകരായ സീമാന്‍, ചേരന്‍, അമീര്‍, നടന്‍ സത്യരാജ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി റാലികളും നിരാഹാര സമരങ്ങളും അദ്ദേഹം നയിച്ചു. ലങ്കന്‍ വിഷയത്തില്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ആ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വലിയ പ്രചാരണവും അദ്ദേഹം സിനിമക്കാരുടെ കൂട്ടായ്മയുമായി ചേര്‍ന്നു നടത്തിയിരുന്നു.
1977-ല്‍ കമല്‍ഹാസനും രജനികാന്തും ശ്രീദേവിയും തകര്‍ത്തഭിനയിച്ച '16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റുഡിയോ സെറ്റുകളില്‍നിന്നും തമിഴ് സിനിമയെ ഗ്രാമങ്ങളിലെ പച്ചയായ മനുഷ്യരിലേക്കും മണ്ണിലേക്കും ഇറക്കിനടത്തിയത് അദ്ദേഹമായിരുന്നു.തമിഴ് സിനിമയിലെ ഒരു യുഗത്തിന് കൂടിയാണ് ഭാരതിരാജയുടെ വിയോഗത്തോടെ തിരശീല വീഴുന്നത്.