

സെലിബ്രിറ്റി മാസ്റ്റർഷെഫ് തമിഴ് റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസിലൂടെയും ശ്രദ്ധേയനായ ബാലാജി മുരുഗദാസ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും പോലീസിനുമെതിരെ രംഗത്ത്. തന്റെ വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലും നടപടിക്രമങ്ങളിലുമുള്ള അമർഷം പ്രകടിപ്പിച്ചാണ് ബാലാജി സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
മുഖ്യമന്ത്രി വിജയ്യെ ടാഗ് ചെയ്തുകൊണ്ട് എക്സിൽ പങ്കുവെച്ച കുറിപ്പിൽ, 'നിങ്ങളുടെ പോലീസിനോടു ലജ്ജ തോന്നുന്നു...' എന്നാണ് ബാലാജി മുരുഗദാസ് കുറിച്ചിരിക്കുന്നത്.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ബാലാജിയുടെ വീട്ടിൽ ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരുൾപ്പെടെ ഏകദേശം പതിനഞ്ചു പോലീസുകാരാണ് പരിശോധനയ്ക്കായി എത്തിയത്. എന്നാൽ പോലീസ് സംഘം ഔദ്യോഗികമായി സെർച്ച് വാറണ്ട് പോലും കാണിച്ചില്ലെന്ന് ബാലാജി ആരോപിക്കുന്നു. തനിക്ക് ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തതിനാൽ പൂർണമായും പോലീസുമായി സഹകരിച്ചു. എന്നാൽ പരാതിയെക്കുറിച്ചുള്ള വിവരങ്ങൾ പലതവണ ചോദിച്ചിട്ടും പോലീസ് വെളിപ്പെടുത്താൻ തയാറായില്ലെന്നും ബാലാജി വ്യക്തമാക്കി.
തന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി യാതൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ബാലാജി ചൂണ്ടിക്കാണിക്കുന്നു. താൻ എത് പരിശോധനയ്ക്കും, പ്രത്യേകിച്ച് രക്തപരിശോധനയ്ക്കു പോലും തയാറാണെന്നു വ്യക്തമാക്കിയ ബാലാജി, സ്വകാര്യതയെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളിൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സിനിമാ-ടെലിവിഷൻ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സംഭവം.